Enter your Email Address to subscribe to our newsletters
Thiruvananthapuram, 16 ഒക്റ്റോബര്‍ (H.S.)
കേരള സർവകലാശാലയില്‍ വീണ്ടും വിസിയുടെ പ്രതികാര നടപടി. രജിസ്ട്രാർ അനില്‍ കുമാറിനെതിരെ വിസി ഡോ. മോഹനൻ കുന്നുമ്മല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
സസ്പെൻഷൻ കാലത്ത് അനൗദ്യോഗികമായി ഫയലുകള്‍ തീർപ്പാക്കിയെന്നാണ് ആരോപണം. അനധികൃതമായി 522 ഫയലുകള്‍ തീർപ്പാക്കി എന്ന് രജിസ്ട്രാർ ഇൻ ചാർജ് വിസിക്ക് റിപ്പോർട്ട് നല്‍കി. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അനില്‍ കുമാർ തീർപ്പാക്കിയ ഫയലുകളുടെ വിശദവിവരങ്ങള്‍ അന്വേഷിക്കാൻ ജോയിൻ്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിലും അന്വേഷണം നടത്താൻ ഉത്തരവില്‍ നിർദേശം. നാല് ദിവസത്തിനകം റിപ്പോർട്ട് നല്‍കാൻ ആണ് വിസി ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ രജിസ്ട്രാറുടെ പിഎയെ മാറ്റിയിരുന്നു. രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. കെ എസ് അനില്‍കുമാറിന്റെ പേഴ്സണല്‍ അസിസ്റ്റൻായ അൻവർ അലിയെയെയാണ് മാറ്റിയത്. താത്കാലിക രജിസ്ട്രാർ ആയി വിസി നിയമിച്ച മിനി കാപ്പൻ ഒപ്പിട്ട ഫയലുകളില്‍ സീല്‍ വയ്ക്കാൻ അൻവർ അലി വിസമ്മതിച്ചിരുന്നു. കെ എസ് അനില്‍കുമാറിന്റെ നിർദ്ദേശങ്ങള്‍ മാത്രമായിരുന്നു പി എ അംഗീകരിച്ചത്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ഭാരതാംബ ചടങ്ങില്‍ തുടങ്ങിയ വിവാദം. രജിസ്ട്രാര്‍ക്ക് വീഴ്ച ചൂണ്ടിക്കാട്ടി വിസി മോഹന്‍ കുന്നുമ്മലാണ് ഡോ.കെ എസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. തന്നെ നിയമിച്ചത് സിന്‍ഡിക്കേറ്റാണ്, പിന്നെങ്ങനെ വിസിക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയും? ഈ ചോദ്യവുമായാണ് അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജോയിന്റ് രജിസ്ട്രാര്‍ക്ക്, രജിസ്ട്രാറുടെ ചുമതല കൂടി കൈമാറിയ വിസിയുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജി തള്ളിയ കോടതി സസ്‌പെന്‍ഡ് ചെയ്യാനുള്ള വിസി യുടെ അധികാരത്തെ ശരിവെച്ചു.എന്നാല്‍ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമോ എന്നതില്‍ സിന്‍ഡിക്കേറ്റിന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരണമെന്ന ആവശ്യവുമായി ഇടത് അംഗങ്ങള്‍ രംഗത്തെത്തി.ഉത്തരവ് തിരിച്ചടിയല്ലെന്നും സിന്‍ഡിക്കേറ്റിന്റെ അധികാരത്തെ കോടതി ശരിവെച്ചു എന്നുമാണ് വിശദീകരണം.
വിസി സസ്‌പെന്‍ഡ് ചെയ്താല്‍ അത് സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂലൈ ആറിന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിന്‍ഡിക്കേറ്റ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സിന്‍ഡിക്കേറ്റ് തീരുമാനം പാലിക്കാതെ സസ്‌പെന്‍ഷന്‍ ഉത്തരവുമായി വിസി മുന്നോട്ടുപോകുകയാണ്. സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് നേരത്തെ നല്‍കിയിരുന്ന റിട്ട് ഹര്‍ജി പിന്‍വലിച്ചതെന്നും ഡോ. അനില്‍കുമാറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റിന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട ഒരു ഓഫിസര്‍ മാത്രമാണെന്ന് സര്‍വകലാശാല കോടതിയെ അറിയിച്ചു. അതേസമയം വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമുള്ള പരസ്പര വാശിയാണ് അടിസ്ഥാന പ്രശ്‌നമെന്നും ഇരുകൂട്ടരുടെയും നീക്കം ആത്മാര്‍ത്ഥതയോടെയുള്ളതല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR