Enter your Email Address to subscribe to our newsletters
Kollam, 16 ഒക്റ്റോബര്‍ (H.S.)
കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്ന വയോധികയെ വീടിനടുത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.
പുനലൂർ പേപ്പർമില്‍ പള്ളിത്താഴേതില്‍ വീട്ടില്‍ ലീലാമ്മയെയാണ് (78) കഴിഞ്ഞ ദിവസം രാത്രിയോടെ കണ്ടെത്തിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് അത്ഭുതകരമായി ഇവരെ രക്ഷപ്പെടുത്താനായത്.
കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറയിലുള്ള മകളുടെ വീട്ടില്‍ പോയ ലീലാമ്മ ട്രെയിനില്‍ തിരികെ പുനലൂരില്‍ എത്തിയിരുന്നു. എന്നാല്‍, പിന്നീട് അമ്മയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ കിട്ടാതെ വന്നതോടെ മകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍, പുനലൂർ റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ ലീലാമ്മ ട്രെയിനില്‍ നിന്നിറങ്ങി നടന്നുപോകുന്നതായി കണ്ടിരുന്നു.
തിരച്ചിലിനിടെയാണ് ലീലാമ്മയുടെ വീടിന് സമീപത്ത് നിന്നും ഇവരുടെ ആഭരണങ്ങളും മറ്റും അടങ്ങിയ കവറും ഒരു കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചത്. തുടർന്ന്, പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വീട്ടില്‍ നിന്നും ഏകദേശം 200 മീറ്ററോളം താഴെയായി ഉപയോഗശൂന്യമായ കിണറ്റില്‍ ഇവരെ കണ്ടെത്തിയത്. അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉടൻ സ്ഥലത്തെത്തി ലീലാമ്മയെ കിണറ്റില്‍ നിന്ന് സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.
കിണറ്റില്‍ നിന്ന് പുറത്തെടുത്ത ലീലാമ്മയെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന് കൂടുതല്‍ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലായതിനാല്‍ കിണറ്റില്‍ വീണതിനെക്കുറിച്ച് ലീലാമ്മയുടെ മൊഴിയെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. മൊഴിയെടുത്താല്‍ മാത്രമേ, ഇവർ അബദ്ധത്തില്‍ കിണറ്റില്‍ വീണതാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതില്‍ വ്യക്തത വരികയുള്ളൂ എന്ന് പുനലൂർ പോലീസ് അറിയിച്ചു. സീനിയർ ഫയർ ഓഫിസർ എസ്.ശ്യാംകുമാർ, ഡ്രൈവർ മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സതീഷ്, മിഥുൻ, അരുണ്‍ ജി. നാഥ്, എം.ആർ.ശരത്, ആർ.ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വിജയകരമായ രക്ഷാപ്രവർത്തനം നടത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR