Enter your Email Address to subscribe to our newsletters
NEWDELHI, 16 ഒക്റ്റോബര്‍ (H.S.)
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പുതിയ മധ്യസ്ഥന്‍. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബവുമായി മധ്യസ്ഥന്‍ വഴി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ പുതിയ മധ്യസ്ഥന്‍ ആരാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കോടതിയില്‍ വ്യക്തമാക്കിയില്ല.
കൊല്ലപ്പെട്ട യമനി പൗരനായ തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരുകയും നിമിഷപ്രിയക്ക് മാപ്പ് നല്‍കാനുള്ള ധാരണയില്‍ എത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ധാരണ കോടതിയിലെത്തുകയും വധശിക്ഷ റദ്ദാക്കുകയുമാണ് ഇനി നടക്കാനുള്ള നിര്‍ണായക നീക്കം. എന്നാല്‍, മധ്യസ്ഥ ചര്‍ച്ചകളോട് കൊല്ലപ്പെട്ട മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് വിയോജിപ്പ് അറിയിച്ചിരിക്കുന്നതാണ് പ്രധാന വെല്ലുവിളി. വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് ഇദ്ദേഹം നിരന്തരം കത്തുകള്‍ അയക്കുന്നുമുണ്ട്.
യമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയ, 2017-ല്‍ യമന്‍ പൗരനായ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. തലാല്‍ അബ്ദുല്‍ മഹ്ദിയില്‍ നിന്നുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.
നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ജനുവരിയില്‍ വീണ്ടും പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. ഇസ്ലാമിക നിയമപ്രകാരം, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു നിശ്ചിത തുക നല്‍കി വധശിക്ഷയില്‍ നിന്ന് പ്രതിക്ക് ഇളവ് നേടാന്‍ സാധിക്കും. മഹ്ദിയുടെ കുടുംബം മാപ്പുനല്‍കാന്‍ തയ്യാറായാല്‍ മാത്രമേ നിമിഷപ്രിയക്ക് വധശിക്ഷയില്‍ നിന്ന് മോചനം ലഭിക്കു.
യമനിലെ മത നേതാക്കളുമായി ബന്ധമുള്ള കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികള്‍ അടങ്ങുന്ന സംഘത്തെ യമനിലേക്ക് അയക്കണം എന്ന ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ മുന്നേ തന്നെ തള്ളിയിരുന്നു. ചര്‍ച്ച കുടുംബങ്ങള്‍ക്കിടയിലാണ് നടക്കുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം.
---------------
Hindusthan Samachar / Sreejith S