Enter your Email Address to subscribe to our newsletters
PALAKKAD, 16 ഒക്റ്റോബര്‍ (H.S.)
പാലക്കാട് പോത്തുണ്ടി ഗ്രമം മുഴുവന്‍ കാത്തിരിക്കുന്നത് ചെന്താമര എന്ന ക്രിമിനലിന് എന്ത് ശിക്ഷ ലഭിക്കുമെന്ന് അറിയാനാണ്. മൂന്നുപേരെ ക്രൂരമായി വെട്ടിക്കൊന്നയാണ് ചെന്തമാര. ഇതില്‍ സജിത കൊലക്കേസിലാണ് ഇന്ന് ശിക്ഷാ വിധി വരുന്നത്. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍.
2019 ഓഗസ്റ്റ് 31നാണ് ചെന്തമാര അയല്‍വാസിയായ സജിതയെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. തന്റെ ഭാര്യയും മകളും വീട് വിട്ടുപോയതിന് കാരണം സജിതയാണെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്. വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാല്‍പാടുകളാണ് കേസില്‍ നിര്‍ണായകമായത്. ഒപ്പം മല്‍പിടുത്തത്തിനിടയില്‍ പോക്കറ്റ് കീറി നിലത്തു വീണ വസ്ത്രം ചെന്താമരയുടെ തന്നെയെന്ന് ഇയാളുടെ ഭാര്യയും മൊഴി നല്‍കി.
കൊല നടത്തിയ ശേഷം ചെന്താമര നടന്നു പോകുന്നത് കണ്ട പ്രധാനസാക്ഷി പുഷ്പ ചെന്താമരയുടെ ഭീഷഷി മൂലം നാടുവിട്ടു പോയത് കേസിന്റെ വിചാരണയെ ബാധിച്ചിരുന്നു. പലവട്ടം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പോത്തുണ്ടി സ്വദേശി പുഷ്പ താമസം തമിഴ്നാട്ടിലേക്ക് മാറ്റിയിരുന്നു. ചെന്താമര കോടതി വളപ്പില്‍ പോലും സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നു. 2020ല്‍ ആണ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. 2025 ഓഗസ്റ്റ് 4നു സാക്ഷിവിസ്താരം ആരംഭിച്ചു. കേസില്‍ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചെന്താമരയുടെ ഭാര്യ, സഹോദരന്‍, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചു. ഇതിനു ശേഷമാണ് പ്രതി കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയത്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2025 ജനുവരി 27ന് ആയിരുന്നു ഈ ക്രൂര കൊലപാതകങ്ങള്‍.
കുറ്റക്കാരന്‍ എന്ന വിധി വന്നപ്പോഴും കൂസലില്ലാതെയാണ് ചെന്തമാര കോടതിയില്‍ നിന്നത്. എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ചെന്താമര ഒന്നിനോടും പ്രതികരിച്ചില്ല. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനും ഒന്നുമില്ലെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. വിചാരണവേളയില്‍ പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ചെന്താമരയുടെ പ്രതികരണം.
വിധിയില്‍ അല്‍പ്പം ആശ്വാസമുണ്ടെന്നായിരുന്നു സജിതയുടെ മക്കളുടെ പ്രതികരണം. പരമാവധി ശിക്ഷ തന്നെ പ്രതി നല്‍കണം. എങ്കില്‍ മാത്രമേ ആരുമില്ലാത്ത തങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുകയുള്ളൂ എന്നും ഇവര്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S