Enter your Email Address to subscribe to our newsletters
Palakkadu, 16 ഒക്റ്റോബര്‍ (H.S.)
പാലക്കാട് 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ. ആരോപണവിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി ഉണ്ടായത്. ഇന്ന് രാവിലെ മുതല്‍ സ്കൂളിലെ കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ പ്രതിഷേധിക്കുകയായിരുന്നു. അധ്യാപികയ്ക്ക് എതിരെ നടപടി വേണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.
അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഒന്നര വർഷം ജയിലില്‍ കിടത്തുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥിയുടെ കുടുംബവും ആരോപിച്ചു. അർജുന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ക്ലാസിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇൻസ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.
അർജുനെതിരെ സൈബർ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. വിദ്യാർഥികളും ഇതേ ആരോപണമാണ് ഉന്നയിക്കുന്നത്. അധ്യാപികയെ സ്കൂളില്‍ നിന്ന് പുറത്താക്കണമെന്നാണ് വിദ്യാർഥികള്‍ ഒന്നാകെ ആവശ്യപ്പെടുന്നത്.
സംഭവത്തില്‍, കുഴല്‍മന്ദം പൊലിസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. എന്നാല്‍ സ്കൂള്‍ ആരോപണം നിഷേധിച്ചു. അർജുൻ ജീവനൊടുക്കാനുള്ള സംഭവങ്ങളൊന്നും സ്കൂളില്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രധ്യാനാധ്യാപിക പറഞ്ഞത്.
കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുൻ. കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് അര്‍ജുനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സ്കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR