14 കാരന്റെ ആത്മഹത്യ; അധ്യാപികയ്ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
Palakkadu, 16 ഒക്റ്റോബര്‍ (H.S.) കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. അർജുന് നീതി കിട്ടണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.ആരോപണ വിധേയയായ അധ്യാപി
Suicide


Palakkadu, 16 ഒക്റ്റോബര്‍ (H.S.)

കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍.

അർജുന് നീതി കിട്ടണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.ആരോപണ വിധേയയായ അധ്യാപിക രാജിവെക്കണമെന്നും ശേഷം മാത്രമെ ക്ലാസില്‍ കയറുകയുള്ളൂവെന്നുമാണ് ഇവര്‍ പറയുന്നത്.

സംഭവത്തില്‍ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ആരോപണം. അതേസമയം, ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അധ്യാപികയെ അനുകൂലിച്ചും രംഗത്തെത്തി.

‘അര്‍ജുന് നീതി കിട്ടണം. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്തെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ നടപടി. മറ്റുള്ളവര്‍ക്ക് സന്ദേശം അയച്ചെന്ന് കരുതി പരിശോധിക്കുകപോലും ചെയ്യാതെ ഡീആക്ടിവേറ്റ് ചെയ്തു. ക്രൂരമായാണ് അര്‍ജുനെ കൊന്നത്. അര്‍ജുന്‍ മരിച്ചതല്ല, കൊന്നതാണ്’, വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഇൻസ്റ്റാഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് ഉയരുന്ന പരാതി. എന്നാല്‍ ആരോപണം നിഷേധിക്കുകയാണ് സ്കൂള്‍. സംഭവത്തില്‍ കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് കുടുംബം. കണ്ണാടി ഹയര്‍‌സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുൻ. കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് അര്‍ജുനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമില്‍ കുട്ടികള്‍ മെസേജ് അയച്ചതിന് ഭീഷണിപ്പെടുത്തി. കൂടാതെ ജയിലിലിടുമെന്നും അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു.

അതേസമയം, ആരോപണം നിഷേധിക്കുകയാണ് സ്കൂള്‍, അധികൃതര്‍. കുട്ടിക്ക് വീട്ടില്‍ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നു എന്നാണ് പ്രധാനാധ്യാപിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. കുട്ടി മരിക്കണമെന്ന് കരുതി ഒരു അധ്യാപികയും പറയില്ലെന്നും വിഷയത്തില്‍ കൂടിയാലോചിച്ച്‌ നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

അധ്യാപികക്കെതിരെ കേസെടുക്കണമെന്നും അധ്യാപിക അടിച്ചതിന്റെ പാട് അവന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കുട്ടിയുടെ ബന്ധു തല്ലിയതുകൊണ്ടാണ് ജീവനൊടുക്കിയതെന്ന് പൊലീസിനോട് പറയണമെന്ന് അധ്യാപിക വിദ്യാര്‍ത്ഥിയെ വിളിച്ചുപറഞ്ഞതായും പ്രതിഷേധക്കാരിലൊരാള്‍ ആരോപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News