Enter your Email Address to subscribe to our newsletters
Kannur, 16 ഒക്റ്റോബര്‍ (H.S.)
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച നാലാം പ്രതി കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപ്രതിയില്‍ ചികില്‍സയില്‍.
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടില്‍ ടി കെ രജീഷാണ് കണ്ണൂര്‍ താണയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടുവേദനയ്ക്ക് ചികില്‍സയില്‍ കഴിയുന്നത്.
കഴിഞ്ഞ ഏതാനും ദിവസമായി രജീഷ് പോലിസ് കാവലില്‍ ചികില്‍സയില്‍ തുടരുകയാണ്. കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് രജീഷിനെ താണയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലില്‍ നിന്ന് ഡോക്ടര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആയുര്‍വേദ ഡിഎംഒ ഉള്‍പ്പെടെയുള്ള സംഘം ജയിലില്‍ രജീഷിനെ പരിശോധിച്ച ശേഷമാണ് വിദഗ്ധ ചികില്‍സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ എത്രനാള്‍ ചികില്‍സ വേണ്ടി വരുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറയാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ടിപി വധക്കേസിലെ പ്രതികള്‍ക്കു വഴിവിട്ട് പരോള്‍ അനുവദിച്ചത് ഉള്‍പ്പെടെ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണു നാലാം പ്രതിയെ ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. 2018 ല്‍ ടി പി വധക്കേസ് പ്രതികള്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സ നടത്തിയത് വിവാദമായിരുന്നു. കോടതിയില്‍ വിചാരണയ്ക്കെത്തിച്ച കൊടി സുനിയും സംഘവും പോലിസിനെ കാവല്‍ നിര്‍ത്തി മദ്യപിച്ചതില്‍ മൂന്ന് പോലിസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷമാണ് മറ്റൊരു വിവാദം കൂടി പുറത്തുവരുന്നത്.
നേരത്തെ ബെംഗളൂരു കേന്ദ്രീകരിച്ചു കള്ള തോക്ക് ഇടപാടുകള്‍ നടത്തിയ കേസിലെ പ്രതിയാണ് ടി കെ രജീഷ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് മാത്രമല്ല നിരവധി കേസുകളില്‍ പ്രതിയാണ് ടി. കെ രജീഷ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR