Enter your Email Address to subscribe to our newsletters
Kochi, 16 ഒക്റ്റോബര്‍ (H.S.)
കൊച്ചി: പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഓര്‍മിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം ഹൈബി ഈഡന്‍ എം.പിയും എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും രമ്യമായി പരിഹരിച്ചതാണ്. വിഷയം അവിടെ അവസാനിച്ചതാണ്. എന്നിട്ടും എരിതീയില്‍ എണ്ണ കോരിയൊഴിക്കാന്‍ ശ്രമിക്കരുത്.
സാമൂഹിക അന്തരീക്ഷം വഷളാക്കുന്ന ഒരു കാര്യവും ചെയ്യരുത് എന്നതാണ് ഞങ്ങളുടെ അഭിപ്രായം. മുനമ്പം വിഷയത്തിലും അങ്ങനയാണ് ഞങ്ങള്‍ ഇടപെട്ടത്. വര്‍ഗീയ വിഷയമാക്കി തീര്‍ക്കാനാണ് ബി.ജെ.പി ഇടപെട്ടത്. സി.പി.എമ്മും കുടപിടിച്ചു കൊടുത്തു. എന്നാല്‍ ആ വിഷയത്തില്‍ പ്രതിപക്ഷത്തിന് കൃത്യമായ നിലപാടുണ്ടായിരുന്നു. മുമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന വിധിയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇത്തരം വിഷയങ്ങളൊക്കെ സര്‍ക്കാരിന് അപ്പോള്‍ തന്നെ പരിഹരിക്കാവുന്നതായിരുന്നു. ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളിക്കത്താതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
വര്‍ഗീയത ആളിക്കത്തിക്കാന്‍ കാത്തിരിക്കുന്നവരുടെ കയ്യിലെ പാവയാകാനോ അവരുടെ കെണിയിലോ സര്‍ക്കാര്‍ പെട്ടുപോകരുത്. ഇത് മാധ്യമങ്ങളും ശ്രദ്ധിക്കണം. ചെറിയ വിഷയങ്ങള്‍ വലുതാക്കി സാമൂഹിക അന്തരീക്ഷം കേടാക്കരുത്. ഇക്കാര്യം സര്‍ക്കാരാണ് പറയേണ്ടത്. എന്നാല്‍ പ്രതിപക്ഷത്തിരിക്കുന്ന ഞങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഉത്തരവാദിത്തമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം അവസരങ്ങളില്‍ സമാധാനിപ്പിക്കുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
സ്‌കൂളിലെ ഹാജാബ് വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആസൂത്രിത ശ്രമം നടന്നു എന്ന് വിദ്യാഭ്യാസവും മന്ത്രി വി ശിവന്‍കുട്ടി. ആരോപിച്ചിരുന്നു. ശിരോവസ്ത്രം ധരിച്ചെത്തിയ ഒരു വിദ്യാര്‍ത്ഥിനിയെ ക്ലാസ്സില്‍ പ്രവേശിപ്പിച്ചില്ല എന്നൊരു പരാതി ലഭിക്കുകയുണ്ടായി. ഒരു പരാതി ലഭിച്ചാല്‍ അതിന്മേല്‍ അന്വേഷണം നടത്തുകയും വസ്തുതകള്‍ കണ്ടെത്തുകയും ചെയ്യുക എന്നത് സര്‍ക്കാര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തത്. ഇത് തികച്ചും സ്വാഭാവികവും നിയമപരവുമായ ഒരു നടപടിക്രമം മാത്രമാണ്.
എന്നാല്‍, ഖേദകരമെന്നു പറയട്ടെ, ഈ വിഷയത്തെ അതിന്റെ യഥാര്‍ത്ഥ തലത്തില്‍ നിന്ന് മാറ്റി, തികച്ചും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഒരു ബോധപൂര്‍വ്വമായ നീക്കമാണ് പിന്നീട് നാം കണ്ടത്. സ്‌കൂള്‍ അധികൃതരും അവരുടെ അഭിഭാഷകയും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഒരു കാര്യം വ്യക്തമാകും. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു അവരുടെ പ്രാഥമിക ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു. .
കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്ക് വേണ്ടിയോ രാഷ്ട്രീയപരവും വര്‍ഗീയപരവുമായ വിഭജനം കേരളത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷത്തില്‍ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും, ഈ സര്‍ക്കാര്‍ അത് ഒരു കാരണവശാലും അനുവദിക്കുകയില്ല. നമ്മുടെ വിദ്യാലയങ്ങള്‍ സമാധാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ്. അതിനെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങള്‍ക്കുള്ള വേദിയാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S