Enter your Email Address to subscribe to our newsletters
Bengaluru, 16 ഒക്റ്റോബര്‍ (H.S.)
കര്‍ണാടകയിലെ ജാതിസര്‍വേയെ തള്ളിപ്പറഞ്ഞ് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധാ മൂര്‍ത്തിയും. തങ്ങള്‍ പിന്നാക്ക ജാതിയില്‍പ്പെട്ടവരല്ലെന്ന് വ്യക്തമാക്കിയാണ് ഇരുവരും സര്‍വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചത്. ബെംഗളൂരു മുന്‍സിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷനാണ് ജാതി സര്‍വേ എന്നറിയപ്പെടുന്ന സാമൂഹ്യ-വിദ്യാഭ്യാസ സര്‍വേയുടെ ചുമതല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍വേയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സര്‍വേയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുധാ മൂര്‍ത്തിയും നാരായണ മൂര്‍ത്തിയും വ്യക്തമാക്കുകയായിരുന്നു. വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചുകൊണ്ടുള്ള സാക്ഷ്യപത്രത്തില്‍ സുധാ മൂര്‍ത്തി ഒപ്പുവെച്ചതായി അധികൃതര്‍ അറിയിച്ചു.
വ്യക്തിപരമായ ചില കാരണങ്ങളാല്‍ കര്‍ണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ നടത്തുന്ന സാമൂഹിക, വിദ്യാഭ്യാസ സര്‍വേയില്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നു എന്നാണ് സാക്ഷ്യപത്രത്തില്‍ സുധാ മൂര്‍ത്തി രേഖപ്പെടുത്തിയിരിക്കുന്നത്. 'ഞങ്ങള്‍ ഒരു പിന്നാക്ക സമുദായത്തിലും പെട്ടവരല്ല. അതിനാല്‍, അത്തരം വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന സര്‍വേയില്‍ ഞങ്ങള്‍ പങ്കെടുക്കില്ല' എന്ന് സുധാ മൂര്‍ത്തി എഴുതിനല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, വിഷയത്തില്‍ നാരായണ മൂര്‍ത്തിയോ സുധാ മൂര്‍ത്തിയോ ഇവരുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സെപ്റ്റംബര്‍ 22-ന് ആരംഭിച്ച സര്‍വേ ഒക്ടോബര്‍ ഏഴിന് പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഇത് ഒക്ടോബര്‍ 18 വരെ നീട്ടി. സര്‍വേയ്ക്കായി അധ്യാപകരെ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഒക്ടോബര്‍ 18 വരെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അധിക ക്ലാസുകള്‍ നടത്തി പഠനത്തിലുണ്ടാകുന്ന നഷ്ടം നികത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S