രാഹുല്‍ ഗാന്ധി വിദേശ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ അടിയറവെച്ചു- ബിജെപി
Newdelhi, 16 ഒക്റ്റോബര്‍ (H.S.) ന്യൂഡല്‍ഹി: വിദേശ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യയുടെ താല്‍പര്യങ്ങള്‍ അടിയറവെച്ച വ്യക്തിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം
Rahul Gandhi


Newdelhi, 16 ഒക്റ്റോബര്‍ (H.S.)

ന്യൂഡല്‍ഹി: വിദേശ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യയുടെ താല്‍പര്യങ്ങള്‍ അടിയറവെച്ച വ്യക്തിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭയമാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് രാഹുലിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ബിജെപി രംഗത്തെത്തിയത്.

'ഇന്ത്യയുടെ ദേശീയ താല്‍പര്യം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒരിക്കലും ഒരു മുന്‍ഗണനയോ ഉത്കണ്ഠയോ ആയിരുന്നില്ല, ആയിരിക്കുകയുമില്ല'', ബിജെപി ദേശീയ വക്താവ് സി.ആര്‍. കേശവന്‍ എക്സില്‍ കുറിച്ചു.

വിദേശ ശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യന്‍ താല്‍പര്യങ്ങള്‍ നിസ്സാരമായി അടിയറവെച്ച ഭൂതകാല ചരിത്രമാണ് കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമുള്ളതെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി സി.ആര്‍. കേശവന്‍ പറഞ്ഞു.

26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ തിരിച്ചടിക്കേണ്ടതില്ലെന്ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത് യുഎസില്‍ നിന്നുള്ളതുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം മൂലമാണെന്ന് പി. ചിദംബരം അടുത്തിടെ പറഞ്ഞിരുന്നു.

2009-ല്‍ ഷറം അല്‍-ഷെയ്ഖില്‍ വെച്ച് ബലൂചിസ്ഥാനെക്കുറിച്ചുള്ള പാകിസ്താന്റെ പ്രചാരണം ഏറ്റുപിടിച്ച് ഇന്ത്യയുടെ ദേശീയ താല്‍പര്യത്തെ വിട്ടുവീഴ്ച ചെയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരായിരുന്നുവെന്നും കേശവന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-യുഎസ് വ്യാപാര ഇടപാട്, മധ്യസ്ഥത തുടങ്ങിയ വിഷയങ്ങളില്‍ ഒരു ഘട്ടത്തിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് യുഎസിനെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമായ വാര്‍ത്താക്കുറിപ്പുകള്‍ ഇറക്കിയിട്ടും കോണ്‍ഗ്രസിന്റെ വ്യാജ ഫാക്ടറി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന് ഇന്ത്യയോട് ബഹുമാനമോ ഇന്ത്യയെ വിശ്വാസമോ ഇല്ലെന്നും കേശവന്‍ ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ഇന്ത്യന്‍ സായുധ സേനയുടെ വിശദീകരണത്തിന്റെ സത്യസന്ധതയെ കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും എത്തരത്തിലാണ് സംശയിക്കുകയും അവരുടെ ധീരതയെയും ത്യാഗത്തെയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നതിന് രാജ്യം സാക്ഷിയാണെന്നും ബിജെപി നേതാവ് പറഞ്ഞു.

റഷ്യന്‍ എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദത്തിനും നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടലിനിടെ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ വാദങ്ങള്‍ക്കും പിന്നാലെ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റിനെ ഭയപ്പെടുന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.

'പ്രധാനമന്ത്രി മോദിയ്ക്ക് ട്രംപിനെ ഭയമാണ്. 1. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നു 2. ആവര്‍ത്തിച്ചുള്ള അവഗണനകള്‍ക്കിടയിലും അഭിനന്ദന സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നു 3. ധനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി 4. ഷറം അല്‍-ഷെയ്ഖില്‍ നിന്ന് വിട്ടുനിന്നു 5. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിഷയത്തില്‍ ട്രംപിനെ എതിര്‍ക്കുന്നില്ല,' എക്‌സ് പോസ്റ്റില്‍ അക്കമിട്ട് നിരത്തി രാഹുല്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News