Enter your Email Address to subscribe to our newsletters
Trivandrum, 16 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം∙ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയ പ്രത്യേക അന്വേഷണസംഘം രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നത് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ സമാഹരിച്ച മുഴുവന്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍.
ദ്വാരപാലകശില്‍പത്തിലെ പാളികളുമായി ശബരിമലയില്‍നിന്ന് ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സിലേക്കുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ 39 ദിവസത്തെ സഞ്ചാരത്തിന്റെ പാത, ഉണ്ണിക്കൃഷ്ണൻ പോറ്റി അധികാരപ്പെടുത്തിയ പ്രകാരം സ്മാര്‍ട് ക്രിയേഷന്‍സില്‍നിന്ന് സ്വര്‍ണം പൂശലിനു ശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വര്‍ണം കൈപ്പറ്റിയ കല്‍പേഷ്, എന്നിവരെ ചുറ്റിപ്പറ്റിയാണ് എസ്‌ഐടിയുടെ അന്വേഷണം.
ശബരിമലയില്‍നിന്ന് ദ്വാരപാലകശില്‍പത്തിലെ പാളികള്‍ 2019 ജൂലൈ 19നും രണ്ടു പീഠങ്ങള്‍ ജൂലൈ 20നുമാണ് ചെമ്പുപാളികള്‍ എന്നു രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയത്. എന്നാല്‍ ഓഗസ്റ്റ് 29നു മാത്രമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഇത് ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. ഈ 39 ദിവസങ്ങളില്‍ ഉണ്ണിക്കൃഷ്ണൻ പോറ്റി സഞ്ചരിച്ച വഴികള്‍ കണ്ടെത്തിയാല്‍ തന്നെ സ്വര്‍ണപ്പാളി വിവാദത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണ് എസ്‌ഐടി കരുതുന്നത്.
അതിനൊപ്പം കല്‍പേഷിനെക്കുറിച്ചുള്ള വിവരങ്ങളും എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്. ഇയാളില്‍നിന്നു മൊഴിയെടുത്തുവെന്ന സൂചനയുമുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിനൊപ്പം ആരോപണവിധേയരായ എല്ലാവരും എസ്‌ഐടിയുടെ നിരീക്ഷണത്തിലാണ്. അടുത്ത ദിവസം തന്നെ മുരാരി ബാബു ഉള്‍പ്പെടെയുള്ളവരെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും.
ശബരിമലയില്‍നിന്ന് എത്തിച്ച പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്നും അത് വേര്‍തിരിച്ച് എടുത്തുവെന്നുമുള്ള സ്മാര്‍ട് ക്രിയേഷന്‍സിന്റെ മൊഴി എസ്‌ഐടി പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ശബരിമലയില്‍നിന്നു കൊണ്ടുപോയ പാളികള്‍ മാറ്റുകയും പകരം പുതുതായി ശില്‍പം തയാറാക്കി അതില്‍ സ്വര്‍ണം പൂശുകയാണ് ചെയ്തിരിക്കുന്നതെന്ന സംശയമാണ് ഉള്ളത്. അത്തരത്തില്‍ ചെയ്തിട്ടുണ്ടെങ്കില്‍ ദ്വാരപാലകശില്‍പം ഉണ്ണിക്കൃഷ്ണൻ പോറ്റി ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതറിയാനും എസ്‌ഐടി സംഘം പരിശോധന നടത്തുന്നുണ്ട്. ദ്വാരപാലക ശില്‍പങ്ങളും പീഠവുമായി 42.8 കിലോ സ്വര്‍ണമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ തിരിച്ചെത്തിച്ചപ്പോള്‍ 38.653 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളു
---------------
Hindusthan Samachar / Roshith K