Enter your Email Address to subscribe to our newsletters
Ernakulam, 17 ഒക്റ്റോബര്‍ (H.S.)
ജിഎസ്ടി നിരക്കുകളിലെ പുതിയ പരിഷ്കാരങ്ങള്‍ പാക്കേജിങ് വ്യവസായത്തിന് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണെന്നും, ഈ വിഷയത്തില്‍ സർക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും കേരള കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (KECBMA) ആവശ്യപ്പെട്ടു.
അസംസ്കൃത വസ്തുക്കളുടെ നികുതി വർധനയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ലാത്തതും കാരണം നിർമാണച്ചെലവ് കുതിച്ചുയരുകയാണെന്ന് എറണാകുളത്ത് കെ.സി.ബി.എം.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജിഎസ്ടി സെമിനാറില്‍ വിദഗ്ധർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ നൂറ്റമ്ബതോളം കാർട്ടണ്‍ ബോക്സ് നിർമാതാക്കളും അവരുടെ അക്കൗണ്ടന്റുമാരും ലൂമിനാർ ഹോട്ടലില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തിരുന്നു.
ജിഎസ്ടി പരിഷ്കാരങ്ങള്‍ പാക്കേജിങ് വ്യവസായത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫെഡറേഷൻ ഓഫ് കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് ഓഫ് ഇന്ത്യയുടെ (എഫ്.സി.ബി.എം) ടാക്സേഷൻ കമ്മിറ്റി ചെയർമാൻ അലോക് കുമാർ ഗുപ്ത ചൂണ്ടിക്കാട്ടി. അസംസ്കൃത വസ്തുവായ പേപ്പറിന്മേലുള്ള നികുതി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയർന്നതോടെ ഈ വ്യവസായം ‘ഇൻവെർട്ടഡ് ടാക്സ്’ ഘടനയിലേക്ക് മാറിയിരിക്കുകയാണ്. ഇത് പ്രവർത്തന മൂലധനത്തെയും ലാഭക്ഷമതയെയും സാരമായി ബാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നികുതി വർധനയോടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഗണ്യമായി കുറഞ്ഞു. ബോക്സ് നിർമാണത്തിലെ പ്രിന്റിങ്, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ലാതായതോടെ നിർമാണച്ചെലവില്‍ 10 മുതല്‍ 15 ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് വ്യവസായ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. നികുതി ഘടനയിലെ പ്രശ്നങ്ങള്‍ മൂലം സർക്കാർ റീഫണ്ടുകള്‍ വൈകുന്നത് സംരംഭകരുടെ പ്രവർത്തന മൂലധന പ്രതിസന്ധി രൂക്ഷമാക്കുമെന്നും അവർ പറഞ്ഞു. “ഏതൊരു വ്യവസായത്തിനും പാക്കേജിങ് അത്യന്താപേക്ഷിത ഘടകമാണ്. ഈ മേഖലയെ സംരക്ഷിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണ്,” കെ.ഇ.സി.ബി.എം.എ പ്രസിഡന്റ് രാജീവ് ജി ആവശ്യപ്പെട്ടു. സെക്രട്ടറി സത്യൻ മലയത്ത്, ട്രഷറർ ബിജോയ് സിറിയക്, വൈസ് പ്രസിഡന്റുമാരായ ഹൈനസ് സൈദ്, പ്രവീണ്‍ പീറ്റർ എന്നിവരും ചടങ്ങില്‍ സംസാരിച്ചു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR