ഇന്ത്യൻ കപ്പല്‍ നിര്‍മ്മാണ രംഗത്ത് നാഴികക്കല്ല്; കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് മൂന്ന് കപ്പലുകള്‍ ഒരേസമയം നീറ്റിലിറക്കുന്നു
Kochi, 17 ഒക്റ്റോബര്‍ (H.S.) രാജ്യത്തിന്റെ കപ്പല്‍ നിർമാണ മേഖലയില്‍ നാഴികക്കല്ലായി കൊച്ചി കപ്പല്‍ശാലയില്‍ അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കും. അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പല്‍ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട
Kochin shipyard


Kochi, 17 ഒക്റ്റോബര്‍ (H.S.)

രാജ്യത്തിന്റെ കപ്പല്‍ നിർമാണ മേഖലയില്‍ നാഴികക്കല്ലായി കൊച്ചി കപ്പല്‍ശാലയില്‍ അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കും.

അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പല്‍ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് - എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി), ഹൈബ്രിഡ് ഇലക്‌ട്രിക് മെഥനോള്‍-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസല്‍, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ ‘ഡിസിഐ ഡ്രഡ്ജർ ഗോദാവരി’ എന്നിവയാണ് നീറ്റിലിറക്കുന്നത്. രാജ്യത്തിന്റെ നാവിക പ്രതിരോധ മേഖല, വാണിജ്യ കപ്പല്‍ നിർമാണം, ഹരിത സമുദ്രഗതാഗതം എന്നിവയില്‍ കൊച്ചിൻ ഷിപ്പ്‌യാർഡ് കരസ്ഥമാക്കിയ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും നേതൃത്വ മികവിന്റെയും തെളിവാണ് പുതിയ കപ്പലുകള്‍. കൂടാതെ, മാരിടൈം ഇന്ത്യ വിഷൻ 2030, ആത്മനിർഭർ ഭാരത് പദ്ധതികള്‍ക്ക് കീഴില്‍ സുസ്ഥിര സമുദ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങള്‍ക്ക് കരുത്തേകാനും ഇതിലൂടെ സാധിക്കും.

രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജർ; ഡിസിഐ ഡ്രഡ്ജ് ഗോദാവരി

ഡ്രഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (DCI) വേണ്ടി കൊച്ചി കപ്പല്‍ശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറാണ് ‘ഡിസിഐ ഡ്രഡ്ജ് ഗോദാവരി’. 12,000 ക്യുബിക് മീറ്റര്‍ കപ്പാസിറ്റിയുള്ള സക്ഷൻ ഹോപ്പര്‍ ഡ്രഡ്ജറാണിത്. വലിയ ചരക്കുകപ്പലുകള്‍ക്കടക്കം രാജ്യത്തെ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാവുന്ന തരത്തില്‍ തുറമുഖ നവീകരണം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഡ്രഡ്ജറിന് ആകെ 950 കോടി രൂപയാണ് ചെലവായത്. കുറഞ്ഞ ചെലവില്‍ ലോകത്തെ മറ്റേത് കപ്പല്‍ശാലകളെയും കിടപിടിക്കുന്ന തരത്തില്‍ ഡ്രഡ്ജറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് കൊച്ചി കപ്പല്‍ശാലയ്ക്ക് നേട്ടമാണ്.

നാവികസേനയുടെ ശേഖരത്തിലേക്ക് ആറാമത്തെ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പല്‍

2019 ഏപ്രിലില്‍ നടത്തിയ കരാർപ്രകാരം, നാവികസേനയ്ക്ക് വേണ്ടി 8 ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ചു നല്‍കുക. ഇതില്‍ ആറാമത്തെ കപ്പലിന്റെ നിർമാണമാണ് പൂർത്തിയാക്കിയത്. രാജ്യത്ത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തു നിർമിച്ച ഈ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലിന് 78 മീറ്റർ നീളവും 896 ടണ്‍ ഭാരവുമാണുള്ളത്. മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാൻ ശേഷിയുള്ള ഈ കപ്പലുകളില്‍ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകള്‍, വെള്ളത്തില്‍നിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകള്‍, റോക്കറ്റുകള്‍, മൈനുകള്‍ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. സമുദ്രാതിർത്തിയില്‍ സംരക്ഷണ കവചമൊരുക്കാൻ നാവിക സേനയ്ക്ക് കരുത്തേകുന്നതാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ചു നല്‍കുന്ന അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍.

സാങ്കേതികത്തികവില്‍ ‘ഹൈബ്രിഡ് ഇലക്‌ട്രിക് മെഥനോള്‍-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസല്‍’

തീരത്തുനിന്ന് വളരെ അകലെയായി സ്ഥിതിചെയ്യുന്ന കാറ്റാടിപ്പാടങ്ങളുടെ കമ്മീഷനിംഗ്, സര്‍വീസ്, മറ്റു പ്രവൃത്തികള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഹൈബ്രിഡ് ഇലക്‌ട്രിക് മെഥനോള്‍-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസല്‍. സാധാരണഗതിയില്‍ ഡീസല്‍ എഞ്ചിനുകള്‍ പ്രവർത്തിപ്പിക്കാനും, കാറ്റാടിപ്പാടങ്ങളിലെ ടർബൈനുകള്‍ക്കടുത്ത് വളരെ കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുമ്ബോഴോ, ഡോക്ക് ചെയ്യുമ്ബോഴോ വൈദ്യുതി ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കാനും കഴിയുന്ന രീതിയിലാണ് കപ്പലിന്റെ നിർമാണം. ഭാവിയില്‍ മെഥനോള്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള സാങ്കേതിക സൗകര്യത്തോടെയാണ് ഈ കപ്പല്‍ നിർമിച്ചിരിക്കുന്നത്. മണിക്കൂറില്‍ 13 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള കപ്പലിന് 93 മീറ്റര്‍ നീളവും 19.6 മീറ്റര്‍ വീതിയുമാണുള്ളത്. പുതിയ കാലത്തെ ആവശ്യങ്ങള്‍ക്കനുരിച്ച്‌, കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം ലക്ഷ്യമിട്ടുള്ള ക്ലീനര്‍ എനര്‍ജി സംവിധാനങ്ങളോടെയാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കൊച്ചി കപ്പല്‍ശാലയുടെ നിര്‍മ്മാണ വൈദഗ്ധ്യത്തില്‍ അന്താരാഷ്ട്ര കമ്ബനികള്‍ക്കുള്ള വിശ്വാസത്തെ ഉറപ്പിക്കുന്നതുകൂടിയാണ് ഓപ്പറേഷന്‍ വെസ്സലിന്റെ നിര്‍മാണം.

കപ്പലുകള്‍ നീറ്റിലിറക്കുന്ന ചടങ്ങ് ശനിയാഴ്ച കൊച്ചിൻ ഷിപ്പ്‌യാർഡില്‍ നടക്കും. നാവികസേന വൈസ് അഡ്മിറല്‍ ആർ സ്വാമിനാഥൻ, കൊച്ചി പോർട്ട് അതോറിറ്റി ചെയർപേഴ്‌സണ്‍ ബി കാശിവിശ്വനാഥൻ (IRSME), ഡ്രഡ്ജിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഡോ. എം അംഗമുത്തു ഐഎഎസ്, പെലാജിക് വിൻഡ് സർവീസസ് സിഇഒ ആന്ദ്രെ ഗ്രോനെവെല്‍ഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, നാവികസേനയിലെയും കൊച്ചി കപ്പല്‍ശാലയിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News