Enter your Email Address to subscribe to our newsletters
Kollam, 17 ഒക്റ്റോബര്‍ (H.S.)
സ്വന്തം വസ്തുവില്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ സ്‌റ്റേ കമ്ബി സ്ഥാപിച്ചതിനെ തുടര്‍ന്ന് വീട് വയ്‌ക്കാനാകാതെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ലോട്ടറിക്കച്ചവടക്കാരനായ കൊല്ലം കുരീപ്പുഴ പ്ലാവറക്കാവ് സ്വദേശി ഷിബു.
അഞ്ച് വര്‍ഷം മുമ്ബ് ഷിബുവും കുടുംബവും ക്ഷേത്രദര്‍ശനത്തിനു പോയ സമയത്താണ് അഞ്ചാലുംമൂട് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ അനുമതിയില്ലാതെ മൂന്ന് സെന്റ് ഭൂമിയുടെ കൃത്യം മധ്യഭാഗത്തായി അനുവാദമില്ലാതെ സ്‌റ്റേ കമ്ബി സ്ഥാപിച്ചത്. മൂന്ന് സെന്റ് പുരയിടത്തില്‍ ഓലമേഞ്ഞ വീട്ടിലായിരുന്നു ഇവരുടെ താമസം. കേന്ദ്രസര്‍ക്കാരിന്റെ ലൈഫ് പദ്ധതി വഴി വീട് വയ്‌ക്കാന്‍ നാല് ലക്ഷം രൂപ ഷിബുവിന് അനുവദിച്ചിരുന്നു. എന്നാല്‍ പരിശോധനയ്‌ക്കെത്തിയവര്‍ സ്‌റ്റേ കമ്ബി തടസമാണെന്നും വീട് വയ്‌ക്കാന്‍ ഇത് മാറ്റി സ്ഥാപിക്കണമെന്നും പറഞ്ഞു. 25,000 രൂപയാണ് ചെലവ് തുകയായി കെഎസ്‌ഇബി ആവശ്യപ്പെട്ടത്.എംപി, എംഎല്‍എ, വൈദ്യുതമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ചെലവ് 15,000 രൂപയാക്കി കുറച്ചിരുന്നു.
എന്നാല്‍ ലോട്ടറി കച്ചവടം നടത്തി ഉപജീവനം നോക്കുന്ന ഷിബുവിന് ഇത് വലിയ തുകയായിരുന്നു. പിന്നീട് വീടിന് സമീപമുള്ള മന്ത്രി ചിഞ്ചുറാണിയെയും മുകേഷ് എംഎല്‍എയെയും ഷിബു സമീപിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഏല്‍പ്പിക്കാന്‍ മുകേഷ് എംഎല്‍എ കത്ത് നല്‍കി. എന്നാല്‍ ഫലമുണ്ടായില്ല. മുന്‍ മേയറെയും വാര്‍ഡ് കൗണ്‍സിലറിനെയും സമീപിച്ചു. കൊല്ലം മേയര്‍ വിഷയം കൗണ്‍സിലില്‍ അജണ്ടയില്‍ വച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരായി നിന്നതിനാല്‍ അവിടെയും പരാജയപ്പെട്ടു.
സര്‍ക്കാര്‍ നിയമം അനുസരിച്ച് നിലവില്‍ പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) മുഖേന വീട് അനുവദിച്ചവര്‍ക്ക് കെഎസ്‌ഇബിയില്‍ നിന്ന് എന്തെങ്കിലും തടസമുണ്ടായാല്‍ അതിനായുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നാണ്. നിയമം അറിയാമായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഷിബു ആരോപിച്ചു. ആശ്രാമം മൈതാനത്തിന് സമീപമാണ് ഷിബു ലോട്ടറി കച്ചവടം നടത്തുന്നത്. ഭാര്യ ബിന്ദുവും ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം ലോട്ടറി കച്ചവടം നടത്തുകയാണ്.
താമസിച്ചിരുന്ന ഓലമേഞ്ഞ വീട് പൊളിച്ചുമാറ്റിയതിനാല്‍ വാടകവീട്ടിലാണ് ഷിബുവിന്റെ താമസം. ലോട്ടറി കച്ചവടം നടത്തി വാടക കൊടുക്കാന്‍ പെടാപ്പാട് പെടുകയാണ് ഷിബു. വസ്തുവിന്റെ പ്രമാണവും പ്രശ്‌നങ്ങളെ തുടര്‍ന്ന് പണയത്തിലാണ്. മകള്‍ അശ്വതി ബെംഗളൂരുവില്‍ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ്. മകന്‍ ആദിത്യന്‍ സമീപത്തെ ക്ഷേത്രത്തില്‍ സഹായിയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR