Enter your Email Address to subscribe to our newsletters
Thiruvananthapuram, 17 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വർണ കൊള്ള കേസില്‍ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എൻഎസ്‌എസ് കരയോഗം ഭാരവാഹിത്വം രാജി വച്ചു.
പെരുന്ന എൻഎസ്‌എസ് വൈസ് പ്രസിഡൻ്റ് സ്ഥാനമാണ് ഒഴിഞ്ഞത്. രാജിവയ്‌ക്കാൻ ജനറല്‍ സെക്രട്ടറിയും താലൂക്ക് യൂണിയൻ ഭാരവാഹികളും മുരാരി ബാബുവിനോട് ആവശ്യപ്പെട്ടിരുന്നു.
ശബരിമല സ്വർണ കൊള്ള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശേഷം അറസ്റ്റ് ചെയ്തേക്കാം എന്ന് കരുതുന്ന വ്യക്തിയാണ് മുരാരി ബാബു. ഈ സാഹചര്യത്തില്‍ എൻഎസ് എസിന്റെ ഒരു ഭാരവാഹി അറസ്റ്റിലാവുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് രാജി. എൻഎസ്‌എസ് ഭാരവാഹിത്വം രാജിവയ്‌ക്കണമെന്ന് കരയോഗം തലത്തിലും ആവശ്യം ഉയർന്നിരുന്നു. ചില താലൂക്ക് യൂണിയൻ ഭാരവാഹികള്‍ മുരാരി ബാബുവിനോട് നേരിട്ട് രാജി ആവശ്യം ഉന്നയിച്ചിരുന്നു.
വ്യാഴാഴ്ച തന്നെ രാജി എഴുതി വാങ്ങിയിരുന്നു. ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം ഇത് അംഗീകരിച്ചു. എൻഎസ്‌എസ് ആസ്ഥാനവുമായി വളരെയധികം ബന്ധമുള്ള ആളാണ് മുരാരി ബാബു. സ്വർണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്ബ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR