Enter your Email Address to subscribe to our newsletters
Kochi, 17 ഒക്റ്റോബര്‍ (H.S.)
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം കസ്റ്റംസ് വിട്ടു നല്‍കും.
ദുല്‍ഖറിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എന്ന വാഹനമാണ് കസ്റ്റംസ് തിരിച്ചു നല്‍കുന്നത്. ബാങ്ക് ഗ്യാരണ്ടിയിലാണ് വിട്ടുനല്‍കുക. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തും. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടേതാണ് തീരുമാനം.
ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ എന്നീ മൂന്ന് വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.
ഒരാഴ്ചയ്‌ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുമെന്നും വാഹനം വിട്ടുനല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പിന്നാലെയാണ് കസ്റ്റംസിന്റെ നീക്കം. ദുല്‍ഖര്‍ സല്‍മാന് പുറമെ മമ്മൂട്ടി, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മാണ കമ്ബനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് രേഖകള്‍ പിടച്ചെടുത്തിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR