Enter your Email Address to subscribe to our newsletters
Palakkadu, 17 ഒക്റ്റോബര്‍ (H.S.)
കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി പട്ടിക പ്രഖ്യാപിച്ചു. 58 ജനറല്‍ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയില്‍.
ബിജെപിയില്‍ നിന്ന് എത്തിയ സന്ദീപ് വാര്യറെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എന്നാല്‍ പുതിയ കെപിസിസി പട്ടികയില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് പി സരിൻ രംഗത്തെത്തി.
പുതിയ KPCC ലിസ്റ്റില്‍ ഒരാളൂടെ ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചേനേ. PV അൻവർ എന്തുകൊണ്ടും ഈ ലിസ്റ്റില്‍ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്താൻ യോഗ്യനാണ് എന്നാണ് സരിൻ ഫേസ്ബുക്കില്‍ കുറിച്ചത്. കെപിസിസി ഭാരവാഹികളുടെ പേര് വിവരങ്ങള്‍ ഓർത്തു വെക്കാൻ പാർട്ടിക്ക് കഴിയില്ല. അവരവരുടെ സ്ഥാനമാനങ്ങള്‍ അവരവർ തന്നെ ഓർത്തു വെക്കേണ്ടതാണ്. പരസ്പരം മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ എന്നായിരുന്നു സരിന്റെ മറ്റൊരു പോസ്റ്റ്.
പി സരിൻ ഫേസ്ബുക്കില്‍ കുറിച്ചത്
ഇന്ന് കണ്ട മികച്ച ഒരിത് !(ഒരിത് രണ്ടെണ്ണമുണ്ട്)
കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഒറ്റ ശ്വാസത്തില്‍ വായിച്ച യൂത്ത് കോണ്‍ഗ്രസുകാരൻ ശ്വാസംകിട്ടാതെ മരണപ്പെട്ടു !
കേരളത്തിലെ ഒരു പ്രമുഖ പാർട്ടി അതിൻ്റെ പുതിയ ഭാരവാഹികള്‍ക്ക് നല്‍കുന്ന നിയമപരമായ മുന്നറിയിപ്പ് :ഭാരവാഹികളുടെ പേര് വിവരങ്ങള്‍ ഓർത്തു വെക്കാൻ പാർട്ടിക്ക് കഴിയില്ല. അവരവരുടെ സ്ഥാനമാനങ്ങള്‍ അവരവർ തന്നെ ഓർത്തു വെക്കേണ്ടതാണ്. പരസ്പരം മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ !!എന്താലേ ?!അതേസമയം കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസില്‍ കലാപം തുടരുന്നു. പുനഃസംഘടനയില്‍ ആദ്യ പൊട്ടിത്തെറി പരസ്യമാക്കി വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദ് രംഗത്തെത്തി. കെ പി സി സി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്.
പുനഃസംഘടനയില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ഡി സി സിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയില്‍ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്. ഷമക്ക് പിന്നാലെ സ്ഥാനം ലഭിക്കാത്ത കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുമോയെന്നത് കണ്ടറിയണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR