ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്യാന്‍ വൈകിപ്പോയി;ശരിയായി അന്വേഷിച്ചാല്‍ അന്നത്തെ ദേവസ്വം മന്ത്രിയും പ്രതിയാകും; വിഡി സതീശന്‍
THRISUR, 17 ഒക്റ്റോബര്‍ (H.S.) ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പോറ്റിയെ അറസ്റ്റു ചെയ്തത് വൈകിപ്പോയെന്നാണ് അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ ഇപ്പോള്‍ പോറ്റിയുടെ മാത്രം തലയിലാണ്. പോറ്റി ഇതൊക്കെ ചെയ്തെന്ന് അറിയാവുന്ന രാഷ്ട്രീയ നേത
vd satheesan


THRISUR, 17 ഒക്റ്റോബര്‍ (H.S.)

ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പോറ്റിയെ അറസ്റ്റു ചെയ്തത് വൈകിപ്പോയെന്നാണ് അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാ ഇപ്പോള്‍ പോറ്റിയുടെ മാത്രം തലയിലാണ്. പോറ്റി ഇതൊക്കെ ചെയ്തെന്ന് അറിയാവുന്ന രാഷ്ട്രീയ നേതാക്കളും ബോര്‍ഡിലെ അംഗങ്ങളുമുണ്ടായിരുന്നു. എന്നിട്ടും ഇവരെല്ലാം ചേര്‍ന്ന് അത് മൂടിവയ്ക്കുകയായിരുന്നെന്നാണ് ഹൈക്കോടതി പറഞ്ഞത്. അന്ന് എന്തുകൊണ്ടാണ് പോറ്റിയ്ക്കെതിരെ നടപടി എടുക്കാതിരുന്നത്. പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്ന് ഇവര്‍ക്ക് അറിയാം. ഒരു ചടങ്ങില്‍ വച്ച് കടകംപള്ളി സുരേന്ദ്രന്‍ പോറ്റിയെ പ്രകീര്‍ത്തിച്ച് പ്രസംഗിക്കുകയാണ്. അതിന്റെ തെളിവുകളുണ്ട്. പോറ്റിയും മറ്റൊരാളും ചേര്‍ന്നാണ് വീട് വച്ചു നല്‍കിയത്. പോറ്റി വലിയൊരു ബിസിനസുകാരാണെന്നും വലിയ അയ്യപ്പ ഭക്തരാണെന്നും ഇവരുടെ നാലാമത്തെ പാട്ണര്‍ സ്വാമി അയ്യപ്പനാണെന്നും അവിടുന്ന് കിട്ടുന്ന പണം ഉപയോഗിച്ചാണ് സേവന പ്രവര്‍ത്തനം നടത്തുന്നതെന്നും ഇത്രയും വലിയൊരു അയ്യപ്പ ഭക്തനെ കണ്ടിട്ടില്ലെന്നുമാണ് കടകംപള്ളി പറഞ്ഞത്. ഇവരൊക്കെ തമ്മില്‍ ബന്ധമുണ്ടായിരുന്നു. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അയാളെ ക്ഷണിച്ചു വരുത്തി ദ്വാരപാലക ശില്‍പം വില്‍ക്കാനുള്ള സംവിധാനം ഉണ്ടാക്കിക്കൊടുത്തത്. വ്യാജ ചെമ്പു പാളി ഉണ്ടാക്കി ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ സഹായിച്ചതും ഇവരാണ്. ശബരിമലയില്‍ നിന്നും ചെന്നൈയില്‍ എത്താന്‍ ഒരു മാസം 9 ദിവസമാണെടുത്തത്. എല്ലാം തിരിച്ചറിഞ്ഞിട്ടും ഇവരെല്ലാം പോറ്റിയെ സംരക്ഷിക്കാനാണ് നിന്നത്. കോടതി ഇടപെട്ടതു കൊണ്ടും കോടതി നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തെ വച്ചതു കൊണ്ടും മാത്രമാണ് പോറ്റി അറസ്റ്റിലായത്. ശരിയായ കേസ് അന്വേഷിച്ചാല്‍ ഇവരെല്ലാം കേസില്‍പ്പെടും. ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ് ഒന്നടങ്കം പ്രതിയായി. ശരിയായി അന്വേഷിച്ചാല്‍ അന്നത്തെ ദേവസ്വം മന്ത്രിയും പ്രതിയാകും.

പോറ്റിക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥരുമുണ്ട്. ചെമ്പു പാളിയെന്ന് രേഖപ്പെടുത്തി ഇവര്‍ പോറ്റിയെ രക്ഷിക്കാന്‍ ശ്രമിച്ചു. പോറ്റി കുടുങ്ങിയാല്‍ ഇവരും കുടുങ്ങും. കൂട്ടു നില്‍ക്കുന്ന ഉദ്യോസ്ഥരും ഇതിന് പിന്നിലുണ്ട്. മുന്‍ ദേവസ്വം മന്ത്രിക്ക് ഉള്‍പ്പെടെ പോറ്റിയുമായി ബന്ധമുണ്ട്. സി.പി.എമ്മിന്റെ ദേവസ്വം ബോര്‍ഡ് ദ്വാരപാലക ശില്‍പം വില്‍ക്കുകയും വ്യാജ ചെമ്പു പാളി ഉണ്ടാക്കിയതും അറിഞ്ഞില്ലെങ്കില്‍ ദേവസ്വം മന്ത്രിയായി ഇരിക്കുന്നത് എന്തിനാണ്? ദേവസ്വം മന്ത്രിക്ക് ദേവസ്വവുമായി ബന്ധമില്ലെങ്കില്‍ ദേവസ്വം വകുപ്പിന് മന്ത്രിയുടെ ആവശ്യമില്ലല്ലോ.

എല്ലാം അറിഞ്ഞു കൊണ്ടാണ് 2025-ല്‍ വീണ്ടും സ്വര്‍ണം പൂശാന്‍ പോറ്റിയെ വിളിച്ചു വരുത്തിയത്. 2019ല്‍ പൂശിയതാണ് അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും പൂശിയത്. വീണ്ടും അടിച്ചു മാറ്റാനാണ് വന്നത്. ശബരിമല ക്ഷേത്ര സന്നധിയില്‍ തന്നെ അറ്റകുറ്റപ്പണി നടത്തണമെന്ന് തിരുവാഭരണ കമ്മിഷന്‍ കത്ത് നല്‍കിയതാണ്. എന്നാല്‍ പോറ്റിയെ തന്നെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം പ്രസിഡന്റ് കത്തെഴുതി. ദേവസ്വം ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദേവസ്വം കമ്മിഷണര്‍ പ്ലേറ്റ് മാറ്റി. വീണ്ടും പോറ്റിയെ കൊണ്ടു വന്നാലെ കൂട്ടുകച്ചവടം നടക്കൂ. അതിനു വേണ്ടി ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും വീണ്ടും ശ്രമിച്ചത്. ഇനി അടിച്ചുമാറ്റാനുള്ളത് അയ്യപ്പന്റെ തങ്കവിഗ്രഹം മാത്രമാണ്. അത് ലക്ഷ്യമിട്ടാണോ രണ്ടാമത്തെ പൂശിന് ഇറങ്ങിയതെന്ന സംശയമുണ്ട്. അയ്യപ്പന്റെ തങ്ക വിഗ്രഹം കൂടി പോയെനെ എന്നും സതീശന്‍ പറഞ്ഞു. .

---------------

Hindusthan Samachar / Sreejith S


Latest News