Enter your Email Address to subscribe to our newsletters
Ernakulam, 17 ഒക്റ്റോബര്‍ (H.S.)
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് ഹിജാബ് വിഷയത്തില്‍ തിരിച്ചടി. വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ (ഡിഡിഇ) യുടെ ഉത്തരവിന് സ്റ്റേ നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ചതാണ് സ്‌കൂളിനെ തിരിച്ചടി ആയത്.
ജസ്റ്റിസ് വി ജെ അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണവും തേടി. പത്തു ദിവസമായി ഹിജാബ് വിഷയത്തില്‍ വലിയ ചര്‍ച്ചകളും വിവാദങ്ങളും നിലനില്‍ക്കുമ്ബോഴാണ് വിഷയത്തില്‍ കോടതിയുടെ വ്യത്യസ്തമായ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
ഇന്നലെ വരെ കോടതിയില്‍ നിന്നും ലഭിച്ച നിര്‍ദേശം സ്‌കൂള്‍ യൂണിഫോം ധരിച്ചു മാത്രമേ കുട്ടിയെ സ്‌കൂളില്‍ കയറ്റാന്‍ പാടുള്ളൂ എന്നായിരുന്നു. ഇതാണ് സ്‌കൂള്‍ അധികൃതര്‍ക്ക് തുണയായത്. എന്നാല്‍, ഇന്ന് അതേ കോടതി തന്നെ സ്‌കൂളിന്റെ നടപടിക്കെതിരേ നിലകൊണ്ടിരിക്കുന്നു. ഹിജാബ് ധരിച്ചെത്തിയെന്ന പേരില്‍ കുട്ടിയെ ക്ലാസ്സിനു പുറത്തു നിര്‍ത്തിയത് മുനുഷ്യാവകാശ ലംഘനം തന്നെയാണെന്ന നിരീക്ഷണത്തോടെയാണ് ഡി.ഡി.ഇയുടെ റിപ്പോര്‍ട്ടിനെ തള്ളാതെ നിലപാടെടുത്തത്. ശിരോവസ്ത്രം (ഹിജാബ്) ധരിച്ചെത്തിയ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞ 7ന് സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയത്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡിഡിഇ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതിനെതിരെയാണ് സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചത്. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥിനി വന്നാല്‍ സ്വീകരിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ സി. ഹെലീന കോടതിയെ അറിയിച്ചത്. സ്‌കൂളിന്റെ നിബന്ധന അനുസരിച്ച് കുട്ടി വന്നാല്‍ ആദ്യ ദിനത്തില്‍ എന്ന പോലെ വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണ്. സര്‍ക്കാരിനെയും നിയമത്തെയും അനുസരിച്ചാണ് ഇതുവരെ മുന്നോട്ട് പോയതെന്നും അവര്‍ വ്യക്തമാക്കി. സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും അനുസരിച്ചാല്‍ വിദ്യാര്‍ഥിനിയെ സ്വീകരിക്കുമെന്നും, സെന്റ് റീത്താസിലെ കുട്ടികള്‍ക്ക് നല്‍കുന്നത് ഇന്ത്യന്‍ രീതിയിലുള്ള വിദ്യാഭ്യാസമാണെന്നും പാഠ്യപദ്ധതിക്കു പുറമെ ഇന്ത്യയുടേയും കേരളത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിച്ച് ടിസി (വിടുതല്‍ സര്‍ട്ടിഫിക്കറ്റ്) വാങ്ങി പുതിയ സ്‌കൂളിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു. ഹിജാബുമായി ബന്ധപ്പെട്ട വിവാദം മകള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് പി.എം. അനസ് അറിയിച്ചത്. കുട്ടിയുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും, സാമുദായിക സംഘര്‍ഷത്തിനുള്ള സാധ്യത ഉണ്ടാക്കില്ലെന്ന നിലപാടാണ് താന്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്റെ കുട്ടി അഹങ്കാരിയും ധിക്കാരിയുമാണെന്ന് പറഞ്ഞ് മാനസികമായി ബുദ്ധിമുട്ടിച്ചു’ എന്ന പിതാവിന്റെ വാക്കുകള്‍ പ്രശ്നം കൂടുതല്‍ വഷളാക്കിയിരുന്നു. ഹിജാബ് നിഷേധിക്കുന്നത് ഇന്ത്യന്‍ മതേതരത്വത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായിട്ടാണ് എന്ന പ്രിന്‍സിപ്പലിന്റെ പ്രസ്താവന മകളെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
യൂണിഫോം നിയമത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ തടഞ്ഞതോടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെയും മതചിഹ്നങ്ങളെയും കുറിച്ചുള്ള അതിരൂക്ഷമായ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം തിരികൊളുത്തിയത്. ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള സ്‌കൂളിലെ കന്യാസ്ത്രീകളായ ടീച്ചര്‍മാര്‍ ശിരസ്സില്‍ ‘തിരുവസ്ത്രം’ ധരിച്ചാണ് എത്തുന്നത് എന്ന വൈരുദ്ധ്യം പൊതുസമൂഹത്തില്‍ വലിയ ചോദ്യമുയര്‍ത്തി. ‘മുസ്ലിം കുട്ടിയുടെ ഹിജാബ് കണ്ടപ്പോള്‍ ഹാലിളകിയ കന്യാസ്ത്രീകള്‍ തങ്ങളുടെ തിരുവസ്ത്രം കണ്ടില്ലെന്ന് നടിക്കരുത്’ എന്ന വിമര്‍ശനം ഈ ഇരട്ടത്താപ്പിനെയാണ് തുറന്നുകാട്ടിയത്. അതേസമയം, വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കുട്ടിയെ പിന്തുണച്ച് ശക്തമായ നിലപാടെടുത്തു. ‘കുട്ടിക്ക് മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരാവാദി സ്‌കൂള്‍ അധികാരികള്‍ ആയിരിക്കും’ എന്ന് മന്ത്രി വ്യക്തമാക്കി. യൂണിഫോം നിറമുള്ള ശിരോവസ്ത്രം അനുവദിക്കുകയാണ് വേണ്ടതെന്നും, ഒരു കുട്ടിയുടെ പ്രശ്നമാണെങ്കിലും ആ കുട്ടിക്ക് വിദ്യാഭ്യാസം ചെയ്യാന്‍ സംരക്ഷണം കൊടുക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ ഡയറിയിലെ യൂണിഫോം കോഡ് ലംഘനം ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. മതപരമായ ചിഹ്നങ്ങള്‍ മറ്റ് വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം. ഇതിനിടയില്‍, എസ്.ഡി.പി.ഐ. പോലുള്ള സംഘടനകള്‍ സ്‌കൂളില്‍ പ്രവേശിച്ച് ഭയവും സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചു. ഇതോടെ ഭയന്ന സ്‌കൂള്‍ അധികൃതര്‍ രണ്ട് ദിവസത്തെ സ്റ്റഡി ലീവ് നല്‍കി സ്‌കൂള്‍ അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍, ഉടന്‍ തന്നെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും അനുസരിച്ചാല്‍ വിദ്യാര്‍ഥിനിയെ സ്വീകരിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെങ്കിലും, കുട്ടി എന്ത് കാരണത്താലാണ് സ്‌കൂളില്‍ പോകാത്തതെന്ന് പരിശോധിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചിരുന്നു. എന്നാല്‍, കുട്ടിയുടെ പിതാവ് സാമുദായിക സംഘര്‍ഷം ഒഴിവാക്കുന്നതിനായി നിയമനടപടികളുമായി മുന്നോട്ടുപോകുന്നില്ലെന്ന് തീരുമാനമെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR