സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിയത് തെളിവു നശിപ്പിക്കാൻ; സണ്ണി ജോസഫ്
Thiruvananthapuram, 17 ഒക്റ്റോബര്‍ (H.S.) ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസില്‍ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിയതിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. തെളിവുകള്‍ നശിപ്പിക്കാനും മോഷ്ടിച്ച സ്വർണ്ണം (തൊണ്ട
Sunny Joseph


Thiruvananthapuram, 17 ഒക്റ്റോബര്‍ (H.S.)

ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസില്‍ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിയതിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്.

തെളിവുകള്‍ നശിപ്പിക്കാനും മോഷ്ടിച്ച സ്വർണ്ണം (തൊണ്ടിമുതല്‍) കൈമാറ്റം ചെയ്യാനും വേണ്ടിയാണ് പോലീസ് അറസ്റ്റ് വൈകിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

ശബരിമലയിലെ പ്രതികളെ രക്ഷിക്കാനുള്ള മനഃപൂർവമായ ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കേസില്‍ പ്രതിയാക്കാൻ പോലും പോലീസ് നിർബന്ധിതരായത്. പ്രതിയാക്കി ഒരാഴ്ചയിലേറെ വൈകിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിന്റെ എഫ്‌ഐആറില്‍ (FIR) നിന്ന് തന്നെ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ഒരാള്‍ക്ക് മാത്രമായി ഇത്രയും വലിയ മോഷണം നടത്താൻ സാധ്യമല്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. മോഷണത്തിലെ ഗൂഢാലോചനയില്‍ പങ്കാളികളായ എല്ലാവരെയും ഉടൻ പിടികൂടണം.

ഉണ്ണികൃഷ്ണൻ പോറ്റിയെ 'പോറ്റിവളർത്തിയവരെയും' ഇയാളില്‍നിന്ന് അനുകൂല്യം പറ്റിയവരെയും കണ്ടെത്തേണ്ടതുണ്ട്. ദേവസ്വം ബോർഡിനും ഈ മോഷണത്തില്‍ കൃത്യമായ ഉത്തരവാദിത്തമുണ്ട്. അതിനാല്‍ ദേവസ്വം ബോർഡ് അധികൃതരെയും കേസില്‍ പ്രതിചേർത്ത് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News