Enter your Email Address to subscribe to our newsletters
NEWDELHI, 17 ഒക്റ്റോബര്‍ (H.S.)
ഇന്ത്യയില്‍ നിര്‍മിച്ച യുദ്ധവിമാനം തേജസ് എകെ1 എ ആദ്യ പറക്കല്‍ പൂര്‍ത്തിയാക്കി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ആണ് ഈ ലൈറ്റ് കോമ്പാറ്റ് എര്‍ക്രാഫ്റ്റ് നിര്‍മിച്ചത്. നാസിക്കില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ആദ്യ പറക്കല്‍. ഇതോടൊപ്പം എല്‍സിഎ എംകെ 1എ യുടെ മൂന്നാം പ്രൊഡക്ഷന്‍ ലൈനും ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയിനര്‍-40 (എച്ച്ടിടി-40) യുടെ രണ്ടാം പ്രൊഡക്ഷന്‍ ലൈനും പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വ്യോമസേനയ്ക്കായി എച്ച്എഎല്‍ ഒരുക്കിയ പരിശീലന വിമാനമാണ് എച്ച്ടിടി-40.
ഉദ്ഘാടനത്തിന് പിന്നാലെ ആദ്യ പറക്കല്‍ നടത്തിയ എല്‍സിഎ തേജസ് എംകെ 1എ വിമാനത്തെ ജലാഭിവാദ്യം നല്‍കി സ്വീകരിച്ചു. എല്‍സിഎ തേജസ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് ലഭ്യമാക്കുന്നത് വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് എച്ച്എഎല്‍ മൂന്നാം പ്രൊഡക്ഷന്‍ ലൈന്‍ ആരംഭിച്ചത്.
'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നമ്മള്‍ മിഗ്-21 ഡീ കമ്മീഷന്‍ ചെയ്തത്. ദീര്‍ഘകാലം മിഗ് -21 രാജ്യത്തെ സേവിച്ചു. അതിന്റെ പ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ എച്ച്എഎല്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മിഗ്-21ന് വേണ്ടി നല്‍കിയ പിന്തുണയ്ക്ക് ഞാന്‍ നിങ്ങളെ (എച്ച്എഎല്‍) അഭിനന്ദിക്കുന്നു'- രാജ്നാഥ് സിങ് പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി 97 എല്‍സിഎ മാര്‍ക്ക് 1എ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 62000 കോടി രൂപയാണ് ഇതിനായി ചെലവാക്കുക. 68 ഒറ്റ സീറ്റ് യുദ്ധവിമാനത്തിനുപുറമേ, 29 ഇരട്ടസീറ്റ് വിമാനങ്ങളുംകൂടി ഉള്‍പ്പെട്ടതാണ് കരാര്‍. 2027-28-ഓടുകൂടി വിമാനങ്ങള്‍ വ്യോമസേനയ്ക്ക് നല്‍കിത്തുടങ്ങും. ആറുവര്‍ഷത്തിനകം പൂര്‍ണമായി 97 വിമാനങ്ങളും സേനയുടെ ഭാഗമാകും.
---------------
Hindusthan Samachar / Sreejith S