Enter your Email Address to subscribe to our newsletters
Thrissur, 17 ഒക്റ്റോബര്‍ (H.S.)
കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തീരുമാനം പാർട്ടിയും ദേശീയ നേതൃത്വം ചേർന്നെടുത്തതാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ചവരും കേസിൽ പ്രതിയായവരുമായ ഒരുപാട് ചെറുപ്പക്കാരുണ്ട്. അവരെ കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയാത്തതിൽ ബുദ്ധിമുട്ടുണ്ടെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
പരാതികളെല്ലാം പരിഹരിക്കാൻ കെപിസിസി കൊണ്ട് വന്ന ഭാരവാഹികളുടെ ജംബോ പട്ടികയിൽ കല്ലുകടി അവസാനിക്കുന്നില്ല. ടീം കെപിസിസി ആണോ പട്ടിക തയ്യാറാക്കിയതെന്ന ചോദ്യത്തിന് അത് കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി. പട്ടിക കൂടിയാലോചിച്ചു പ്രഖ്യാപിച്ചതാണോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. കൂടുതൽ പറയാനില്ലെന്ന് പറഞ്ഞ് വി.ഡി. സതീശൻ ഒഴിഞ്ഞുമാറുകയായിരുന്നു.
പുനഃസംഘടനയിൽ ഗ്രൂപ്പ് വിത്യാസമില്ലാതെ നേതാക്കൾക്കും അണികൾക്കുമിടയിൽ തൃശൂരിലും അതൃപ്തിയുണ്ട്. സീനിയോറിറ്റിയും , പ്രവർത്തന പാരമ്പര്യവും , സമുദായ സമവാക്യവും പരിഗണിച്ചില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പരാതി. സംഘടന തെരഞ്ഞെടുപ്പിൽ നായർ - മുസ്ലീം വിഭാഗങ്ങളെ പൂർണ്ണമായും അവഗണിച്ചതായും ഒരു വിഭാഗം ആരോപിച്ചു.
നിർദേശിച്ച ഒരേ ഒരാളെ തഴഞ്ഞതിൽ കെ. മുരളീധരനും അതൃപ്തിയിലാണ്. എന്നാൽ കോൺഗ്രസ് ഒരു ജംബോ പാർട്ടിയാണെന്നും അതിന് ജംബോ നേതൃത്വം വേണമെന്നുമായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം. മുൻ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിച്ചില്ലെന്ന പരാതിയും ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഷാഫി പറമ്പിലിന്റെ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്മാരായിരുന്ന റിജിൽ മാങ്കുറ്റി, റിയാസ് മുക്കോളി, എൻ.എസ്. നുസൂർ, എസ്.എം. ബാലു എന്നിവരെ ഒഴിവാക്കി, കെ. എസ്. ശബരിനാഥനെ മാത്രം പരിഗണിച്ചെന്നാണ് പരാതി. മര്യാപുരം ശ്രീകുമാറിനെ ഒഴിവാക്കിയതിൽ കെ. മുരളീധരനും അതൃപ്തിയുണ്ട്.
പുനഃസംഘടനയിൽ നീരസം പരസ്യമാക്കി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തിയിട്ടുണ്ട്. പരിഹാസ എഫ്ബി പോസ്റ്റിലൂടെയാണ് ഷമ നീരസം വ്യക്തമാക്കിയത്. 'കഴിവ് ഒരു മാനദണ്ഡമാണോ' എന്നായിരുന്നു പോസ്റ്റിൽ ഷമയുടെ ചോദ്യം.
കഴിഞ്ഞ ദിവസമാണ് എട്ട് ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡൻ്റുമാരുമുൾപ്പെടെ കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചത്. ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ സന്ദീപ് വാര്യരും, വൈസ് പ്രസിഡൻ്റുമാരുടെ പട്ടികയിൽ പാലോട് രവിയും ഇടംനേടിയിരുന്നു. നേരത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ഭൂരിഭാഗം പേരെയും നിലനിർത്തിക്കൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടത്. 9 വനിതാ അംഗങ്ങൾ ആണ് ജനറൽ സെക്രട്ടറി പട്ടികയിൽ ഉള്ളത്. ഒരു വനിതയെ കൂടി ഉൾപ്പെടുത്തി 13 അംഗ വൈസ് പ്രസിഡണ്ട് മാരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR