Enter your Email Address to subscribe to our newsletters
Newdelhi, 17 ഒക്റ്റോബര്‍ (H.S.)
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടക്കുന്ന സംഭവങ്ങളിലാണ് പരമ്മോന്നത കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇത്തരം സാമ്പത്തിക തട്ടിപ്പുകളെ വെറും വഞ്ചനാ കേസായോ സൈബര്‍ കുറ്റകൃത്യമായോ മാത്രം കണക്കാക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
മുതിര്‍ന്ന പൗരന്മാരാണ് പലപ്പോഴും ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്. അവരുടെ ഇത്തരം വിഷയങ്ങളിലെ അറിവില്ലായ്മയാണ് ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടുന്നത് സംഘങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണ് എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐയ്ക്കും ഉള്‍പ്പെടെ സുപ്രീം കോടതി നോട്ടീസ് അയച്ചു. അറ്റോര്‍ണി ജനറലിനോടും കേസില്‍ ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
ഹരിയാണയിലെ അംബാല സ്വദേശിനിയായ 73കാരി ചീഫ് ജസ്റ്റിസ് ബിആര്‍. ഗവായ്ക്ക് നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനും 16 നും ഇടയില്‍ വയോധികയില്‍ നിന്നും ഒരു കോടിയിലധികം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. സിബിഐ, ഐബി ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്. മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പുറപ്പെടുവിച്ച ഉത്തരവ് വ്യാജമായി സൃഷ്ടിച്ചാണ് ഈ തട്ടിപ്പ് നടത്തിയത്.
പരാതിയിലെ ഗൗരവമായ കാര്യങ്ങള്‍ പരിഗണിച്ചാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. ജഡ്ജിമാരുടെ പേരും ഒപ്പും സീലും വ്യാജമായി സൃഷ്ടിച്ച് തട്ടിപ്പ് നടത്തുന്നത് ആശങ്കപ്പെടുത്തുന്നു. ഇത്തരം പണം തട്ടല്‍ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായി ഇടപെടണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
---------------
Hindusthan Samachar / Sreejith S