Enter your Email Address to subscribe to our newsletters
Thrissur, 17 ഒക്റ്റോബര്‍ (H.S.)
ബിജെപി വേദിയില്‍ എത്തി സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തൃശൂരില്‍ നടന്ന പരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്തത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്തത്. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തി.
ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ഒരേ ചിന്തയില്‍ വളരണം. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി പ്രയത്‌നിക്കുന്ന ആളാണ് ബി.ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.
നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്നായിരുന്നു ഫക്രുദ്ദീന്‍ അലിയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചകളില്‍ അടക്കം ഇടത് നിരീക്ഷകനായി പങ്കെടുക്കുന്ന ആളാണ് ഫക്രുദീന്‍ അലി. കൂടാതെ തിരുവനന്തപുരം എംജി കോളേജിലെ അധ്യാപകനുമാണ്.
ഔസേപ്പച്ചനെയും ഫക്രുദ്ദീന്‍ അലിയെയും ബി.ഗോപാലകൃഷ്ണന്‍ ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിയില്‍ ചേര്‍ന്ന് നിയമസഭയില്‍ മത്സരിക്കാനാണ് ക്ഷണം. വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യം. വികസനത്തിന്റെ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വിവിധ രാഷ്ട്രീയ ചേരികളില്‍ നിന്നുള്ളവര്‍ ബിജെപിയുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണ് പാര്‍ട്ടി. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതല്‍പേരെ പാര്‍ട്ടിക്കൊപ്പം എത്തിക്കാനുള്ള തിരക്കിലാണ് സംസ്ഥാന നേതൃത്വം.
---------------
Hindusthan Samachar / Sreejith S