Enter your Email Address to subscribe to our newsletters
Trivandrum, 17 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: തിരുവനന്തപുരം നേമത്തെ വട്ടവിള സുരേഷ് റോഡിലെ താമസക്കാരുടെ ദീർഘകാല ആവശ്യമായ പൊതുറോഡ് യാഥാർഥ്യമാകാൻ സാധ്യത തെളിയുന്നു . ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പൊതുജനങ്ങൾക്ക് പുതിയ റോഡ് യാഥാർത്ഥ്യമാക്കാൻ റെയിൽവേ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദർശിക്കും. പ്രദേശവാസികൾ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യം അവഗണിച്ചതിൽ സംസ്ഥാന സർക്കാരിനെ ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി. റോഡ് യാഥാർഥ്യമാകാൻ മുൻകൈ എടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ പങ്കുവച്ച പോസ്റ്റിൻ്റെ പൂർണരൂപം
നന്ദി, ശ്രീ പ്രധാനമന്ത്രി മോദി! നേമത്തെ വട്ടവിള സുരേഷ് റോഡരികിലെ താമസക്കാരുടെ ദീർഘകാലമായുള്ള ആശങ്കകൾ പരിഹരിച്ചതിന്! സംസ്ഥാന സർക്കാരും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പൊതു റോഡിനായുള്ള നാട്ടുകാരുടെ ആവശ്യത്തോട് മുഖം തിരിച്ചപ്പോൾ, ഞാൻ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയോട് ഈ വിഷയം ഉന്നയിച്ചു. അദ്ദേഹം ഉടൻ തന്നെ സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
1970 കളിൽ റെയിൽവേ വികസനത്തിനായി ഈ റോഡ് ഏറ്റെടുത്ത ശേഷം ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി, ഒരു ബദൽ പാത നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. ഇത് മൂലം റെയിൽവേ ഭൂമിയിലൂടെയുള്ള ഒരു താത്കാലിക പാതയെയാണ് നാട്ടുകാർ ആശ്രയിച്ചിരുന്നത്. റെയിൽവേയിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചതിനു ശേഷവും, ഒരു പുതിയ റോഡ് നിർമ്മിക്കേണ്ടത് റെയിൽവേയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വാദിച്ച് സംസ്ഥാന സർക്കാർ നാട്ടുകാരെ കയ്യൊഴിഞ്ഞു. യഥാർത്ഥ വികസനം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല. അസൗകര്യത്തിലാക്കുകയല്ല, മറിച്ച് അവരെ ശാക്തീകരിക്കുന്നുവെന്ന് മോദി സർക്കാർ വീണ്ടും തെളിയിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, വികസനം തടസ്സപ്പെടുത്തലല്ല, മറിച്ച് ജീവിതം മെച്ചപ്പെടുത്തുക, ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക, വാഗ്ദാനങ്ങൾ പാലിക്കുക എന്നിവയാണ്
---------------
Hindusthan Samachar / Roshith K