കെപിസിസി പുനസംഘടന; കെ മുരളീധരന്‍ ഇടഞ്ഞ് തന്നെ
Kochi, 18 ഒക്റ്റോബര്‍ (H.S.) കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ സമാപനത്തില്‍ കെ മുരളീധരന്‍ പങ്കെടുക്കില്ല. കേരളത്തിലെ നാല് ജാഥ ക്യാപ്റ്റന്‍മാരിലൊരാളായ മുരളീധരന്‍ വ്യക്തിപരമായ കാരണത്താല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതായാണ് വിവര
K Muralidharan


Kochi, 18 ഒക്റ്റോബര്‍ (H.S.)

കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ സമാപനത്തില്‍ കെ മുരളീധരന്‍ പങ്കെടുക്കില്ല.

കേരളത്തിലെ നാല് ജാഥ ക്യാപ്റ്റന്‍മാരിലൊരാളായ മുരളീധരന്‍ വ്യക്തിപരമായ കാരണത്താല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതായാണ് വിവരം.

എന്നാല്‍ പുനഃസംഘടനയിലെ അതൃപ്തി കാരണമാണ് കെ മുരളീധരന്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന്‍ ന്യൂനപക്ഷ സെല്‍ വൈസ് ചെയര്‍മാനായ കെ എം ഹാരിസിന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിലും കെ മുരളീധരന് നീരസം ഉണ്ട്.

ഇന്നലെയാണ് നാല് ക്യാപ്റ്റന്മാര്‍ നയിച്ച വിശ്വാസ സംഗമയാത്ര ചെങ്ങന്നൂരില്‍ സംഗമിച്ചത്. കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹ്നാന്‍ എന്നിവരാണ് ജാഥ ക്യാപ്റ്റന്മാര്‍. യാത്രയ്ക്ക് ശേഷം കെ മുരളീധരന്‍ ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു. അവിടെ നിന്നും ഇന്ന് തൃശൂരിലേക്കും തുടര്‍ന്ന് തിരുവനന്തപുരത്തും എത്തുമെന്നാണ് വിവരം.

ചെങ്ങന്നൂരില്‍ സംഗമിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനം യുഡിഎഫ് നേതൃത്വം അണിനിരക്കുന്ന പദയാത്രയോടെ ഇന്ന് പന്തളത്ത് സമാപിക്കാനിരിക്കുകയാണ്. വൈകുന്നേരം 3 മണിക്ക് കാരക്കാട് ക്ഷേത്ര പരിസരത്ത് നിന്നാണ് പദയാത്ര ആരംഭിക്കുക. ഇതില്‍ നിന്നും ജാഥ ക്യാപ്റ്റന്മാരില്‍ ഒരാള്‍ തന്നെ വിട്ടുനില്‍ക്കുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കും.

അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തയ്യാറായില്ല. കെ മുരളീധരന്‍ വിശ്വാസ സംരക്ഷണ ജാഥയില്‍ പങ്കെടുക്കാതിരുന്നതിലെ പ്രതികരണം തേടിയപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News