Enter your Email Address to subscribe to our newsletters
Kannur, 18 ഒക്റ്റോബര്‍ (H.S.)
കെപിസിസി പുനഃസംഘടനയ്‌ക്കെതിരെ പരോക്ഷ പരിഹാസവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പുനഃസംഘടനയില്‍ താന്‍ തൃപ്തനാണെന്നും ഇത്രയും തൃപ്തി മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നുമാണ് കെ. സുധാകരന്റെ പരിഹാസം. കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്ന കെ. സി. വേണുഗോപാലിനോടുള്ള എതിര്‍പ്പാണ് പരസ്യമാക്കിയാണ് സുധാകരന്റെ പരാമര്‍ശമെന്ന വിലയിരുത്തലുണ്ട്.
കെപിസിസി പുനഃസംഘടനയില്‍ ജംബോ കമ്മിറ്റി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കല്ലുകടി രൂക്ഷമാവുന്നതിനിടെയാണ് കെ. സുധാകരന്റെയും പ്രതികരണം. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.
ഷാഫി പറമ്പിലിന്റെ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റുമാരായിരുന്ന റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എന്‍. എസ്. നുസൂര്‍, എസ്എം ബാലു എന്നിവരെ ഒഴിവാക്കി കെഎസ് ശബരീനാഥനെ മാത്രം പരിഗണിച്ചെന്നാണ് പരാതി. മര്യാപുരം ശ്രീകുമാറിനെ ഒഴിവാക്കിയതില്‍ കെ. മുരളീധരനും അതൃപ്തിയുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആക്കാത്തതിനെതിരെയുള്ള പ്രതികരണത്തില്‍ ചാണ്ടിയും ഉമ്മനും കെ. സി. വേണുഗോപാല്‍ പക്ഷത്തോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു അപ്പന്റെ ഓര്‍മ്മദിനം തന്നെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് വെട്ടിയതും കെ. സി. വേണുഗോപാലിനെയും അദ്ദേഹത്തിനൊപ്പം ഉള്ളവരെയും ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു ചാണ്ടിയുടെ പ്രതികരണം. എന്നാല്‍ കഴിഞ്ഞ ദിവസം മയപ്പെട്ട ചാണ്ടി പാര്‍ട്ടിയാണ് വലുതെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പറഞ്ഞെങ്കിലും ഇന്നത്തെ സമാപന പദയാത്രയില്‍ ചാണ്ടിയും പങ്കെടുത്തേക്കില്ല.
അതേസമയം പുനഃസംഘടനയിലെ അതൃപ്തിക്കിടെ വിശ്വാസ സംരക്ഷണ യാത്രയില്‍ കെ. മുരളീധരന്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഗുരുവായൂരില്‍ നിന്നും പന്തളത്തേക്ക് മുരളീധരന്‍ യാത്ര തിരിച്ചു. നേരത്തെ പങ്കെടുക്കില്ല എന്നാണ് തീരുമാനിച്ചിരുന്നത്. കാസര്‍ഗോഡ് നിന്നുള്ള ജാഥാ ക്യാപ്റ്റന്‍ ആയിരുന്നു മുരളീധരന്‍. യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളിലെ നീരസം കാരണം മുരളീധരന്‍ പങ്കെടുക്കില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വീണ്ടും പങ്കെടുക്കാന്‍ തീരുമാനിച്ചത്.
പുനഃസംഘടനയില്‍ നീരസം പരസ്യമാക്കി എഐസിസി വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. പരിഹാസ എഫ്ബി പോസ്റ്റിലൂടെയാണ് ഷമ നീരസം വ്യക്തമാക്കിയത്. 'കഴിവ് ഒരു മാനദണ്ഡമാണോ' എന്നായിരുന്നു പോസ്റ്റില്‍ ഷമയുടെ ചോദ്യം.
കഴിഞ്ഞ ദിവസമാണ് എട്ട് ജനറല്‍ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡന്റുമാരുമുള്‍പ്പെടെ കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചത്. ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ സന്ദീപ് വാര്യരും, വൈസ് പ്രസിഡന്റുമാരുടെ പട്ടികയില്‍ പാലോട് രവിയും ഇടംനേടിയിരുന്നു. നേരത്തെ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ഭൂരിഭാഗം പേരെയും നിലനിര്‍ത്തിക്കൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടത്. 9 വനിതാ അംഗങ്ങള്‍ ആണ് ജനറല്‍ സെക്രട്ടറി പട്ടികയില്‍ ഉള്ളത്. ഒരു വനിതയെ കൂടി ഉള്‍പ്പെടുത്തി 13 അംഗ വൈസ് പ്രസിഡണ്ട് മാരുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേരത്തെ വൈസ് പ്രസിഡന്റായിരുന്ന വി. പി. സജീന്ദ്രന്‍, വി. ടി. ബല്‍റാം എന്നിവരെ പട്ടികയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. രമ്യ ഹരിദാസ് ആണ് വൈസ് പ്രസിഡന്റ് പട്ടികയില്‍ ഉള്ള ഏക വനിത. ഐ ഗ്രൂപ്പുകള്‍ക്ക് വേണ്ട പരിഗണന നല്‍കികൊണ്ടാണ് പുനഃ സംഘടനയെന്നാണ് പുറത്തുവരുന്ന വിവരം. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. രാജ് മോഹന്‍ ഉണ്ണിത്താന്‍ വി. കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ് എന്നീ എംപിമാരെ കൂടി രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR