Enter your Email Address to subscribe to our newsletters
Thiruvananthapuram, 18 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസമാണ് പോറ്റിയെ രണ്ടാഴ്ചത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക.
അതേസമയം സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്‌ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
ചെന്നൈ സ്മാർട്ട് ക്രിയേഷൻസില്‍ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം സ്വർണം കൊണ്ടുപോയ കല്‍പ്പേഷിനെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. രണ്ട് സംഘങ്ങള്‍ ഇതിനായി ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളില്‍ അന്വേഷണം തുടരുന്നുണ്ട്.
നിലവില്‍ ദ്വാരപാലക പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകോവിലിന്‍റെ കട്ടിള പാളികളിലെ സ്വർണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് അപേക്ഷ കോടതിയില്‍ സമർപ്പിച്ചേക്കും.
തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂട്ടു പ്രതികളുടെ പങ്ക് വ്യക്‌തമാകേണ്ടതുണ്ടെന്നും എസ്.ഐ.ടി. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.പോറ്റിയുടെ നടപടി ആചാരലംഘനമാണ്. അതിനിടെ, അറസ്‌റ്റിലായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ റാന്നി മുന്‍സിഫ് മജിസ്‌ട്രേറ്റ് 30 വരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയില്‍ വിട്ടു. സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്‌റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാനായി എത്തിച്ച ചെന്നൈയിലെ സ്‌മാര്‍ട്ട് ക്രിയേഷന് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്കും ചെന്നൈലേക്കും അന്വേഷണ സംഘം കൊണ്ടുപോകും. പോറ്റി ശബരിമലയില്‍ നടത്തിയ പൂജകളുടെയും വഴിപാടുകളുടെയും വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.ഇന്നലെ രാവിലെ പത്തരയോടെയാണ് പ്രത്യേക അന്വേഷണസംഘം പോറ്റിയെ കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് നല്‍കിയ കസ്‌റ്റഡി അപേക്ഷ കോടതി അനുവദിച്ചു. ശബരിമല സ്വര്‍ണപ്പാളി കേസിലെ ആദ്യ അറസ്‌റ്റാണ് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടേത്. 16 ന് കസ്‌റ്റഡിയില്‍ എടുത്ത പോറ്റിയെ തിരുവനന്തപുരം ഈഞ്ചയ്‌ക്കലിലെ ൈക്രംബാഞ്ച് ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ പുലര്‍ച്ചെ അറസ്‌റ്റ് ചെയ്‌തു.രാവിലെ പത്തരയോടെ റാന്നി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ എത്തിച്ചപ്പോള്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ജനങ്ങള്‍ ശാപവാക്കുകള്‍ ചൊരിഞ്ഞു. കോടതിയിലും പരിസരത്തും സമീപ സ്‌ഥലങ്ങളിലുമെല്ലാം ജനങ്ങള്‍ തടിച്ചു കൂടി. സംഘര്‍ഷമുണ്ടാകുമെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വന്‍ പോലീസ് സംഘവും തമ്ബടിച്ചു. അടച്ചിട്ട കോടതിയിലാണ് കേസ് കേട്ടത്. തിരികെ കൊണ്ടുവരുമ്ബോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പോറ്റിക്ക് നേരെ ചെരുപ്പേറുണ്ടായി. ബി.ജെ.പി. അയിരൂര്‍ മണ്ഡലം പ്രസിഡന്റ് സിനു പണിക്കരാണ് ചെരുപ്പ് എറിഞ്ഞത്. ലക്ഷക്കണക്കിന് ഭക്‌തരുടെ വിശ്വാസങ്ങളെയാണ് പോറ്റി അവഹേളിച്ചതെന്നു സിനു പണിക്കര്‍ പറഞ്ഞു. വന്‍ പൊലീസ് സുരക്ഷ ഉണ്ടായിരുന്നതു മൂലം അനിഷ്‌ട സംഭവങ്ങള്‍ ഒഴിവായി.പുറത്തേക്കു പോകുന്ന സമയം പോറ്റി മാധ്യമങ്ങളോടായി തന്നെ കുടുക്കിയതാണെന്നും എല്ലാവരെയും നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നും പറഞ്ഞു. സ്വര്‍ണപാളികള്‍ സ്വന്തം ചെലവില്‍ സ്വര്‍ണം പൂശുമെന്ന ഉറപ്പിന് വിരുദ്ധമായി പലരില്‍ നിന്നും സ്വര്‍ണവും പണവും കൈപ്പറ്റി, ശബരിമല ശ്രീകോവില്‍ ഭാഗങ്ങള്‍ പലയിടത്തും നിയമവിരുദ്ധമായി പ്രദര്‍ശിപ്പിച്ച് ലാഭമുണ്ടാക്കി എന്നിവയാണ് കേസ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR