Enter your Email Address to subscribe to our newsletters
Ernakulam a, 18 ഒക്റ്റോബര്‍ (H.S.)
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മാറ്റുമെന്ന നിലപാടിലുറച്ച് പിതാവ്.
അടുത്ത പ്രവര്‍ത്തിദിനം സെന്റ് റീത്താസില്‍ നിന്ന് കുട്ടിയുടെ ടി സി വാങ്ങുമെന്ന് പിതാവ് പറഞ്ഞു.
ഹിജാബ് ധരിച്ചെത്തിയതോടെ പുറത്തുനിര്‍ത്തിയതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കുട്ടിക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും തുടര്‍ന്നും ഇതേ സ്‌കൂളില്‍ മകള്‍ പഠിക്കേണ്ടതില്ലെന്നുമാണ് പിതാവ് അറിയിച്ചത്.
മകളുടെ കൂടി തീരുമാനപ്രകാരമാണ് സ്‌കൂള്‍ മാറ്റമെന്നും പുതിയ സ്‌കൂളില്‍ പഠനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല.ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു.
സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അതിനെതിരെ സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു.അടുത്ത വെളളിയാഴ്ച്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വി ജെ അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കയറാന്‍ മാനേജ്‌മെന്റ് വിലക്കിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത് യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. വിദ്യാര്‍ഥിനിയെ പുറത്താക്കിയ നടപടി ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റും സിറോ മലബാര്‍ സഭയും വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെതിരെ രംഗത്തെത്തി. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മന്ത്രി ഇടപെട്ടത് അനുചിതമാണെന്നാണ് ഇവരുടെ വാദം. എന്നാല്‍ വിദ്യാഭ്യാസമന്ത്രി ഇത് തള്ളിക്കളഞ്ഞു. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം രാഷ്ട്രീയവത്കരിക്കാന്‍ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയതായി മന്ത്രി ആരോപിച്ചു. സ്‌കൂള്‍ അധികൃതര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകയുടെ പ്രസ്താവനകളും പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണ്. ഇത്തരം പ്രകോപനപരമായ പ്രതികരണങ്ങളില്‍ നിന്ന് മാനേജ്മെന്റ് പിന്‍മാറണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പിന്നാലെയാണ് സ്‌കൂളിന്റെ നിയമം അനുസരിച്ച് വന്നാല്‍ മാത്രമേ കുട്ടിയെ സ്‌കൂളില്‍ പഠിപ്പിക്കൂ എന്ന നിലപാട് സ്‌കൂള്‍ പറഞ്ഞത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR