Enter your Email Address to subscribe to our newsletters
Kerala, 18 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ഉടൻ തെളിവെടുപ്പ് തുടങ്ങും.
കഴിഞ്ഞ ദിവസമാണ് റാന്നി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോറ്റിയെ രണ്ടാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
രണ്ട് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം തെളിവെടുപ്പിനായി ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോറ്റിയുമായി തിരിക്കും. ഈ കേസിന്റെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരനായി എസ്.ഐ.ടി. സംശയിക്കുന്ന മുൻ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബു അടക്കമുള്ളവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. ഇദ്ദേഹം കേസില്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായി നേരത്തെ തെളിവുകള്‍ പുറത്തുവന്നിരുന്നു.
പോറ്റിയുടെ നിർദ്ദേശപ്രകാരം ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസി'ല്‍ നിന്ന് മോഷ്ടിച്ച സ്വർണ്ണം കൊണ്ടുപോയെന്ന് കരുതുന്ന കല്‍പ്പേഷിനെ കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതിനായി പ്രത്യേക സംഘങ്ങള്‍ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
നിലവില്‍, ശബരിമല ദ്വാരപാലക പാളിയിലെ സ്വർണ്ണം കവർച്ച ചെയ്ത കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ശ്രീകോവിലിന്റെ കട്ടിള പാളികളിലെ സ്വർണ്ണം കൊള്ള ചെയ്തതുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷ വൈകാതെ കോടതിയില്‍ സമർപ്പിക്കുമെന്നും സൂചനയുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR