Enter your Email Address to subscribe to our newsletters
Idukki, 18 ഒക്റ്റോബര്‍ (H.S.)
ഇടുക്കി ജില്ലയിൽ ശക്തമായ മഴ. പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. ജലനിരപ്പ് 137 അടിയിൽ എത്തിയതോടെ മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ രാവിലെ എട്ട് മണിക്ക് ഉയർത്തും. കുമളിയിൽ തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഇന്നലെ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് വരെ ഇടുക്കിയില്‍ ശക്തമായ മഴയാണ് പെയ്തത്. നിലവില്‍ മഴയ്ക്ക് ശമനമുണ്ട്. തൂക്കുപാലം, നെടുങ്കണ്ടം, കല്ലാര്‍, ബാലഗ്രാം എന്നീ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി.നെടുങ്കണ്ടം തൂക്കുപാലം മേഖലകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചു പോയി. സ്കൂട്ടറും കാറുമാണ് ഒലിച്ചു പോയത്.
മുല്ലപ്പെരിയാർ ഡാമിൻ്റെ 13 ഷട്ടറും ഉയർത്തി 5000 ഘനയടി വെള്ളം വരെ പുറത്തേയ്ക്ക് ഒഴുക്കും. നിലവില്‍ 137 അടിയിലേക്ക് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നു. 44,000 ഘനയടി വെള്ളം ഒരു സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയുണ്ടായി. 2018ന് ശേഷമാദ്യമായാണ് ഇത്തരത്തില്‍ ഇത്രയധികം വെള്ളം ഒഴുകിയെത്തിയത്. തുടര്‍ന്നാണ് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന അറിയിപ്പുണ്ടായത്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. തെക്ക് കിഴക്കൻ അറബികടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കനത്ത മഴ മുന്നറിയിപ്പ് എന്നത് ഒരു പ്രത്യേക പ്രദേശത്ത് 24 മണിക്കൂറിനുള്ളിൽ ഉയർന്ന അളവിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ്. വെള്ളപ്പൊക്കം, വൈദ്യുതി തടസ്സം തുടങ്ങിയ സാധ്യതയുള്ള തടസ്സങ്ങൾക്ക് പൊതുജനങ്ങളെയും അധികാരികളെയും തയ്യാറാക്കാൻ സഹായിക്കുന്നതിനാണ് IMD ഈ മുന്നറിയിപ്പുകൾ നൽകുന്നത്.
കളർ-കോഡ് ചെയ്ത സംവിധാനത്തിലൂടെയാണ് അലേർട്ടിന്റെ തീവ്രത അറിയിക്കുന്നത്:
കനത്ത മഴ മുന്നറിയിപ്പുകൾക്കുള്ള IMD കളർ കോഡുകൾ
പച്ച: എല്ലാം ശരിയാണ്. നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു, പ്രത്യേക നടപടികളൊന്നും ആവശ്യമില്ല.
മഞ്ഞ: ശ്രദ്ധിക്കുക. കനത്ത മഴ (64.5–115.5 മില്ലിമീറ്റർ) പ്രവചിക്കപ്പെടുന്നു. ഇത് ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും താഴ്ന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യും.
ഓറഞ്ച്: തയ്യാറാകുക. വളരെ കനത്ത മഴ (115.6–204.4 മില്ലിമീറ്റർ) പ്രവചിക്കപ്പെടുന്നു. വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്, ഗതാഗതത്തിലും വൈദ്യുതി വിതരണത്തിലും ഉണ്ടാകാവുന്ന തടസ്സങ്ങൾക്ക് പൊതുജനങ്ങൾ തയ്യാറായിരിക്കണം.
ചുവപ്പ്: നടപടിയെടുക്കുക. വളരെ കനത്ത മഴ (204.5 മില്ലിമീറ്ററിൽ കൂടുതൽ) പ്രതീക്ഷിക്കുന്നു. വ്യാപകമായ വെള്ളപ്പൊക്കത്തിൽ നിന്നും പ്രധാന സേവന തടസ്സങ്ങളിൽ നിന്നും ജീവനും സ്വത്തിനും കാര്യമായ ഭീഷണിയുണ്ടെന്ന സൂചന നൽകുന്ന ഏറ്റവും കഠിനമായ മുന്നറിയിപ്പാണിത്.
---------------
Hindusthan Samachar / Roshith K