Enter your Email Address to subscribe to our newsletters
Thrissur, 19 ഒക്റ്റോബര്‍ (H.S.)
സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കിയതില്‍ തനിക്ക് വിഷമമില്ലെന്ന് എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് പറഞ്ഞു.
പല ഘട്ടങ്ങളിലും സിപിഎം തന്നെ തഴഞ്ഞതാണ്. 20 വർഷമായി സിപിഎമ്മില്‍ സത്യസന്ധമായാണ് താൻ പ്രവർത്തിച്ചത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും അദ്ദേഹം പറഞ്ഞു.
'നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. ആ ആരോപണവും അടിസ്ഥാനരഹിതമാണ്. നിയമസഭാ സീറ്റിനായി യുഡിഎഫ് നേതൃത്വവുമായി താൻ ചർച്ച നടത്തിയെന്നതും തെറ്റാണ്. എളവള്ളിയിലെ സിപിഎം പ്രവർത്തകർ തനിക്കൊപ്പമുണ്ട്. എളവള്ളി പഞ്ചായത്തില്‍ കൊണ്ടുവന്ന വികസനങ്ങള്‍ക്ക് മന്ത്രി എം.ബി.രാജേഷ് ഉള്‍പ്പെടെ തന്നെ പ്രശംസിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉന്നതരായ നേതാക്കളുമായി തനിക്ക് പതിറ്റാണ്ടുകളായി സൗഹൃദമുണ്ട്. പാർട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ വിഷമമില്ല. തുടർന്നും സജീവമായി രാഷ്ട്രീയ രംഗത്ത് ഉണ്ടാകും,' - ജിയോ ഫോക്സ് പറഞ്ഞു.
അച്ചടക്ക ലംഘനം, പാർടി നയ വ്യതിയാനം, പരസ്യ പ്രസ്‌താവന എന്നിവയുടെ പേരിലാണ് സിപിഎം മണലൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റി അംഗമായ ജിയോ ഫോക്സിനെ പാർട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കിയത്.
ഏരിയ കമ്മിറ്റി അംഗമായിരുന്ന തന്നെ പാർട്ടി കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയില്ല, എല്‍ഡിഎഫ് എളവള്ളിയില്‍ നടത്തിയ വികസന മുന്നേറ്റ ജാഥയില്‍ ക്യാപ്റ്റൻ സ്ഥാനം തന്നെ ഒഴിവാക്കാൻ സിപിഐക്ക് നല്‍കി തുടങ്ങിയ ആരോപണങ്ങള്‍ ഇദ്ദേഹം ഉന്നയിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും എളവള്ളി പഞ്ചായത്ത് അംഗവുമായിരിക്കേ 21 വർഷം മുൻപാണ് ജിയോ ഫോക്‌സ് സിപിഎമ്മില്‍ ചേർന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR