അതിശക്തമായ മഴ; ഇടുക്കി ജില്ലയില്‍ വ്യാപക നാശനഷ്ടം
Idukki, 19 ഒക്റ്റോബര്‍ (H.S.) ഒറ്റരാത്രി പെയ്ത അതിശക്തമായ മഴയില്‍ ഇടുക്കി ജില്ലയില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയെത്തുടർന്ന് കല്ലാർ പുഴ കരകവിഞ്ഞൊഴുകി. പുഴയിലൂടെ വാഹനങ്ങള്‍ ഉള്‍പ്പെടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാവിലെ ഇടുക്കിയിലെ മലയോര മേഖലയ
Idukki


Idukki, 19 ഒക്റ്റോബര്‍ (H.S.)

ഒറ്റരാത്രി പെയ്ത അതിശക്തമായ മഴയില്‍ ഇടുക്കി ജില്ലയില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയെത്തുടർന്ന് കല്ലാർ പുഴ കരകവിഞ്ഞൊഴുകി.

പുഴയിലൂടെ വാഹനങ്ങള്‍ ഉള്‍പ്പെടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാവിലെ ഇടുക്കിയിലെ മലയോര മേഖലയില്‍ കണ്ടത്.

അനൗദ്യോഗിക കണക്ക് പ്രകാരം 15 ഇടങ്ങളില്‍ 100 മില്ലിമീറ്ററിനു മുകളില്‍ മഴ ലഭിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടില്‍ ഒറ്റ രാത്രി 6 അടി ജലനിരപ്പ് ഉയർന്നതോടെ രാവിലെ 9ന് 3 ഷട്ടറുകള്‍ തുറന്നു. ഉച്ചയ്ക്ക് 13 ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തിയാണു ജലനിരപ്പ് നിയന്ത്രിച്ചത്.

ചെറിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴ പെയ്തതാണു ദുരിതത്തിനു കാരണമായത്. ഒപ്പം വനമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി വെള്ളം കുതിച്ചെത്തി. 2018ലെ മഹാപ്രളയത്തില്‍ വെള്ളം കയറാത്ത മേഖലകള്‍ പോലും ഇന്നലെ വെള്ളത്തിനടിയിലായി.

ആളപായമോ പരുക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്നത് ആശ്വാസമായി. എന്നാല്‍ കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. മൂന്നാർ-കുമളി റോഡില്‍ പുറ്റടിക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, കൂട്ടാർ, മുണ്ടിയെരുമ, തൂവല്‍ എന്നിവിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി.

മഴ അതിശക്തമാകുമെന്ന മുന്നറിയിപ്പ് നല്‍കാൻ വൈകിയതിനാല്‍ ആളുകള്‍ക്ക് മുൻകരുതല്‍ എടുക്കാൻ കഴിഞ്ഞില്ല. സന്ധ്യയ്ക്കു തുടങ്ങിയ മഴ 8 മണിക്കൂറോളം നിർത്താതെ പെയ്തു. കൂട്ടാർ, നെടുങ്കണ്ടം, തൂവല്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. കൂട്ടാറില്‍ നിർത്തിയിട്ടിരുന്ന വാൻ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News