ഹിജാബ് വിവാദം; രണ്ട് കുട്ടികള്‍ കൂടി സ്കൂളില്‍ നിന്നും ടിസി വാങ്ങുന്നു,
Kochi, 19 ഒക്റ്റോബര്‍ (H.S.) ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ ടിസി വാങ്ങുന്നു. രക്ഷിതാവ് ജെസ്‌ന ഫിർദൗസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ രണ്ട് മക്കളെ മറ്റൊരു സ്‌
St. Rith's Public school


Kochi, 19 ഒക്റ്റോബര്‍ (H.S.)

ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ ടിസി വാങ്ങുന്നു.

രക്ഷിതാവ് ജെസ്‌ന ഫിർദൗസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ രണ്ട് മക്കളെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയാണെന്നും ടിസിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ജെസ്‌ന ഫിർദൗസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്‌കൂള്‍ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും സ്വീകരിച്ച സമീപനം തങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. താൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന തന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാർഥിയോട് ഈ രീതിയില്‍ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്‌കൂള്‍ അധികൃതർക്കുമിടയില്‍ തന്റെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് തങ്ങള്‍ കരുതുന്നുവെന്നും ജെസ്‌ന പറഞ്ഞു.

ഔവർ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് കുട്ടികളെ ചേർക്കുന്നത്. ആ സ്‌കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്‌കൂളിന് ഉള്ളതെന്നും മക്കള്‍ക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവർ ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് മക്കള്‍ വളരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജെസ്‌ന പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാവാണ് ഞാൻ. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്കൂള്‍ പ്രിൻസിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഞങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. ഞാൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന എന്റെ വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാർഥിയോട് ഈ രീതിയില്‍ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്കൂള്‍ അധികൃതർക്കുമിടയില്‍ എന്റെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ അവർ രണ്ട് പേരുടെയും ടി. സി വാങ്ങാൻ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ടി.സിക്ക് വേണ്ടി സ്കൂളില്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞേ നല്‍കാനാവൂ എന്നാണ് സ്കൂളില്‍ നിന്ന് അറിയിച്ചത്. അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടി.സി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഔവർ ലേഡീസ് കോണ്‍വെന്റ് സ്കൂളിലാണ് ഞങ്ങള്‍ കുട്ടികളെ ചേർക്കുന്നത്. ആ സ്കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ എന്നെ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിന് ഉള്ളതെന്നും മക്കള്‍ക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവരെനിക്ക് ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് എന്റെ മക്കള്‍ വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News