Enter your Email Address to subscribe to our newsletters
Kerala, 19 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതിയായ പി എം ശ്രീയിൽ സംസ്ഥാന സർക്കാർ ചേരാൻ തീരുമാനിച്ചതിൽ രൂക്ഷ വിമർശനവുമായി കേരളാ സ്റ്റുഡന്റസ് യൂണിയൻ.
കേരള സര്‍ക്കാര്‍ സംഘപരിവാറിനു മുമ്പില്‍ ‘വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്‍ഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വിഷയത്തില്‍ എസ്എഫ്‌ഐ, സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സമരം ചെയ്യാന്‍ തയാറാകുമോയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐ അടക്കമുള്ള സ്വന്തം മുന്നണിയിലെ പാര്‍ട്ടികളുടെ എതിര്‍പ്പിനെ മറികടന്നുള്ള ഇത്തരം തീരുമാനത്തിലൂടെ സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ്ങിന് വഴങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക അടക്കമുള്ള അയല്‍ സംസ്ഥാനങ്ങള്‍ സംഘപരിവാര്‍ ക്യാമ്പയ്‌ന് എതിര്‍പ്പ് പ്രകടിപ്പിച്ച് നിലകൊള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ സംഘപരിവാറിനു മുമ്പില്‍ ‘ വിനീത വിധേയരായി ‘ മാറുന്നത് പ്രതിഷേധാര്‍ഹമാണ് – അലോഷ്യസ് സേവ്യര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ചിത്രവുമൊക്കെ വെക്കേണ്ടതായി വരും. സംഘപരിവാര്‍ ക്യാമ്പയിന് സഹായമൊരുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ എസ്എഫ്‌ഐ നിലപാട് വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമ്പോള്‍ സെറ്റിട്ട സംഘപരിവാര്‍ വിരുദ്ധ സമരങ്ങള്‍ നയിക്കുന്നവര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സമരം ചെയ്യാന്‍ തയാറാകണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Roshith K