Enter your Email Address to subscribe to our newsletters
Mahe, 19 ഒക്റ്റോബര്‍ (H.S.)
മാഹി∙ തലശ്ശേരി മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിന് സമീപം കോഴിക്കോട് ഭാഗത്തേക്കുള്ള രണ്ടുവരി പാതയിൽ ഇടതുവശത്തെ റോഡ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചു താഴ്ത്തുന്നു. ബൈപാസിൽ കുറുകെ കടന്നു പോകുന്ന ചൊക്ലി- പെരിങ്ങാടി റോഡിന് അടിപ്പാത നിർമാണത്തിന് വേണ്ടിയുള്ള നിർമാണ പ്രവൃത്തിയാണ് നടക്കുന്നത്. സിഗ്നൽ പോസ്റ്റിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഇതിനകം 120 മീറ്ററോളം ബൈപാസ് റോഡ് പൊളിച്ചു മാറ്റിത്തുടങ്ങി. അതേസമയം നിർമാണത്തിന്റെ വ്യക്തമായ രൂപരേഖ ബന്ധപ്പെട്ടവർ നൽകുന്നില്ല എന്ന ആക്ഷേപം ഉണ്ട്.
മാഹിയിലെ പ്രാദേശിക ഭരണകൂടങ്ങൾക്കും പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നിവർക്കും അടിപ്പാത സംബന്ധിച്ച് ദേശീയപാത അധികൃതരിൽ നിന്നു വ്യക്തമായ ചിത്രം നൽകിയിട്ടില്ല എന്നാണ് അറിയുന്നത്. അതേ സമയം അടിപ്പാതയുടെ നിർമാണം പൂർണമായും ആരംഭിച്ചാൽ ഗതാഗതം സർവീസ് റോഡ് വഴി തിരിച്ചുവിടാനാണ് ആലോചന എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.
അതേസമയം നിർമാണം പാതി വഴിയിൽ ആയിരുന്ന പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡ് നിർമാണത്തിനു വേഗം ഏറി. ഇതേ തുടർന്ന് അടിപ്പാത നിർമാണം പുരോഗമിക്കുന്ന ഘട്ടത്തിൽ ബൈപാസ് ഗതാഗതം ഭാഗികമായി തടസ്സപ്പെടാനും സാധ്യത ഉണ്ട്. എന്നാൽ ഇതൊന്നും മുൻകൂട്ടി കണ്ട് വേണ്ട രീതിയിൽ മുന്നൊരുക്കങ്ങൾ അധികൃതർ നടത്തുന്നില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
---------------
Hindusthan Samachar / Roshith K