Enter your Email Address to subscribe to our newsletters
Thiruvananthapuram, 20 ഒക്റ്റോബര്‍ (H.S.)
സർക്കാരിൻ്റെ തുടരെയുള്ള അവഗണനകളിലും അവഹേളനങ്ങളിലും തളരാതെ ആശമാർ, അവകാശങ്ങൾ നേടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നാളെ മാർച്ച് ചെയ്യും.
രാവിലെ പത്ത് മണിക്ക് പി എം ജി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ ആയിരങ്ങളായി ആശമാർ പങ്കാളികളാകും. ഓണറേറിയം 21000 രൂപായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ അടിസ്ഥാന ആവശ്യങ്ങൾ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം എന്നാവശ്യപ്പെട്ടാണ് ക്ലിഫ് ഹൗസ് മാർച്ച്.
ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമുള്ള ശുപാർശകൾ പോലും നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ല.
പത്ത് വർഷം പൂർത്തിയായവർക്ക് 1,500 രൂപയും അല്ലാത്തവർക്ക് 1,000 രൂപയും വർധനവ് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും
വർധന വരുത്തിയാൽ അതുമൂലം സർക്കാരിനുണ്ടാകാൻ പോകുന്ന സാമ്പത്തിക ഭാരത്തിനാണ് റിപ്പോർട്ട് ഊന്നൽ നൽകുന്നത്.
എട്ട് മാസമായി മഴയിലും വെയിലത്തും
ധീരമായി സമരം ചെയ്യുന്ന ആശമാരെ സർക്കാർ വീണ്ടും നിരാകരിക്കുകയാണ്.
മാനുഷികമായ യാതൊരു പരിഗണനയും നൽകാതെ ശത്രുതാപരമായ സമീപനമാണ് സർക്കാർ ഇപ്പോഴും വച്ചു പുലർത്തുന്നത്. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രതിഷേധ സദസുകളിലും 22 ൻ്റെ ക്ലിഫ് ഹൗസ് മാർച്ചിലും പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ഇടങ്ങളിൽ പൊലീസിനെ ഉപയോഗിച്ച് സർക്കാർ ആശമാരെ ഭീഷണിപ്പെടുത്തുകയാണ്.
സമരം തുടങ്ങിയ സമയം മുതൽ സർക്കാരും ഭരണാനുകൂലികളും ഇത്തരം ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടതാണ്. വീണ്ടും ഈ നടപടികൾ തുടരുന്നതിൽ നിന്ന് വ്യക്തമാക്കുന്നത് സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ - ജനാധിപത്യ വിരുദ്ധ സമീപനമാണ്. എന്നാൽ ഈ വിരട്ടലുകൾക്കോ ഭീഷണികൾക്കോ ആശമാർ കീഴടങ്ങില്ലെന്നും സംസ്ഥാനമെമ്പാടു നിന്നും ക്ലിഫ് ഹൗസ് മാർച്ചിന് ആശമാർ എത്തി ചേരുമെന്നും സംസ്ഥാന പ്രസിഡൻ്റ് വി കെ സദാനന്ദൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR