പ്രതിദിനം 12 ലിറ്റര്‍ പാലെന്ന് പറഞ്ഞു; ലഭിച്ചത് വെറും 6 ലിറ്റര്‍! പശുവിനെ വിറ്റ് വഞ്ചിച്ച കേസില്‍ ഉടമ നഷ്ടപരിഹാരമായി 82,000 രൂപ നല്‍കണം: ഉപഭോക്തൃ കമ്മീഷൻ വിധി
Kottarakkara, 20 ഒക്റ്റോബര്‍ (H.S.) ഉറപ്പുനല്‍കിയ പാലിന്റെ അളവ് ലഭിക്കാതെ വഞ്ചിക്കപ്പെട്ട മഠത്തിനാപ്പുഴ സ്വദേശിക്ക് അനുകൂലമായി വിധി. 12 ലിറ്റർ പാല്‍ തരും എന്ന് വിശ്വസിപ്പിച്ച്‌ പശുവിനെ വിറ്റ കേസില്‍ കർഷകനായ രമണന് 82,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ജി
Consumer Disputes Redressal Commission


Kottarakkara, 20 ഒക്റ്റോബര്‍ (H.S.)

ഉറപ്പുനല്‍കിയ പാലിന്റെ അളവ് ലഭിക്കാതെ വഞ്ചിക്കപ്പെട്ട മഠത്തിനാപ്പുഴ സ്വദേശിക്ക് അനുകൂലമായി വിധി.

12 ലിറ്റർ പാല്‍ തരും എന്ന് വിശ്വസിപ്പിച്ച്‌ പശുവിനെ വിറ്റ കേസില്‍ കർഷകനായ രമണന് 82,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

പൂവറ്റൂർ പടിഞ്ഞാറ് സ്വദേശികളായ ദമ്ബതികളില്‍ നിന്നാണ് 62-കാരനായ രമണൻ 2023 ഫെബ്രുവരി 23-ന് ഇടനിലക്കാർ വഴി ഒരു പശുവിനെ വാങ്ങിയത്. പ്രതിദിനം 12 ലിറ്റർ പാല്‍ ലഭിക്കുമെന്നും, പാലിന്റെ അളവ് കുറഞ്ഞാല്‍ പശുവിനെ തിരികെ വാങ്ങിക്കൊള്ളാമെന്നും ഉടമകള്‍ രമണന് ഉറപ്പ് നല്‍കിയിരുന്നു. ലിറ്ററിന് 4,500 രൂപ എന്ന കണക്കില്‍ 12 ലിറ്റർ പാലിന്റെ പശുവിന് 56,000 രൂപയാണ് വില നിശ്ചയിച്ചത്. രമണൻ തന്റെ സമ്ബാദ്യമായ 16,000 രൂപയും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ 40,000 രൂപയും ചേർത്ത് ആകെ 56,000 രൂപ നല്‍കി പശുവിനെ വാങ്ങി. മാർച്ച്‌ 11-ന് പശു പ്രസവിച്ചു. 16-ാം ദിവസം കറവ തുടങ്ങിയെങ്കിലും ആദ്യം ലഭിച്ചത് വെറും നാല് ലിറ്റർ മാത്രമായിരുന്നു. ഒരു മാസത്തോളം പരിശ്രമിച്ചിട്ടും പാലിന്റെ അളവ് പരമാവധി ആറ് ലിറ്ററില്‍ മാത്രമാണ് എത്തിയത്. താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ രമണൻ ഇടനിലക്കാരുമായി ഉടമകളെ സമീപിച്ചെങ്കിലും അവർ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. തുടർന്ന് പുത്തൂർ പോലീസിലും എസ്പിക്ക് വരെയും പരാതി നല്‍കി. എന്നാല്‍, പാലിന്റെ അളവുമായി ബന്ധപ്പെട്ട കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലീസിന് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. പശുവിനെ വിറ്റ ഉടമകള്‍ രസീത് ഹാജരാക്കാൻ ആവശ്യപ്പെട്ട് രമണന്റെ വാദങ്ങളെ എതിർത്തു. പോലീസിന്റെ ഉപദേശപ്രകാരം രമണൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചു.

ഇടനിലയില്‍ ആശാസ്യമല്ലാത്ത കച്ചവടവും തെറ്റിദ്ധരിപ്പിക്കലും നടന്നതായി കമ്മീഷൻ കണ്ടെത്തി. കന്നുകാലി കച്ചവടത്തിന് രസീത് നിർബന്ധമല്ലെന്നും വിശ്വസനീയമായ മൊഴികള്‍ മതിയാകുമെന്നും സമാനമായ ഒരു കേസില്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ നേരത്തെ രേഖപ്പെടുത്തിയത് ഈ ഉത്തരവില്‍ പ്രധാനമായി പരാമർശിച്ചു. കുളക്കട പാല്‍ സൊസൈറ്റിയില്‍ പാല്‍ അളന്നതിന്റെ രേഖകള്‍, പോലീസ് രേഖകള്‍, വിവരാവകാശ രേഖകള്‍, ഇടനിലക്കാരുടെ മൊഴികള്‍ എന്നിവ കമ്മീഷൻ പരിഗണിച്ചു.

പശുവിന്റെ വിലയായ 56,000 രൂപ, മനോവിഷമത്തിനുള്ള നഷ്ടപരിഹാരമായി 26,000 രൂപ, കോടതിച്ചെലവായി 10,000 രൂപ എന്നിങ്ങനെ ആകെ 82,000 രൂപ രമണന് നല്‍കാൻ കമ്മീഷൻ ഉത്തരവിട്ടു. 45 ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ ഒമ്ബത് ശതമാനം പലിശ സഹിതം തുക നല്‍കേണ്ടി വരുമെന്നും കമ്മീഷൻ (പ്രസിഡന്റ് എസ്.കെ. ശ്രീല, മെമ്ബർ സ്റ്റാൻലി ഹറോള്‍ഡ്) വിധിച്ചു. ഹർജിക്കാരനുവേണ്ടി അഭിഭാഷകൻ പ്രവീണ്‍ പൂവറ്റൂർ ഹാജരായി. കേസ് നടപടികള്‍ക്കിടെ എതിർകക്ഷികളില്‍ ഒരാളായ ഗൃഹനാഥൻ മരണപ്പെട്ടിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News