Enter your Email Address to subscribe to our newsletters
GOA, 20 ഒക്റ്റോബര്‍ (H.S.)
ദീപാവലി സൈനികര്‍ക്കൊപ്പം ആഘോഷിക്കുന്ന പതിവ് താണ് മോദിയുടെ പതിവ് തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ഐഎന്‍എസ് വിക്രാന്തില്‍ നാവികസേനാംഗങ്ങള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ഗോവ തീരത്താണ് ഐഎന്‍എസ് വിക്രാന്ത് ഉള്ളത്. സേനാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നു മോദി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐ.എന്‍.എസ് വിക്രാന്ത്.
''എന്റെ ഒരു വശത്ത് അനന്തമായ ചക്രവാളമാണ്, അനന്തമായ ആകാശമാണ്. മറുവശത്ത് അനന്തമായ ശക്തി ഉള്‍ക്കൊള്ളുന്ന കൂറ്റന്‍ ഐഎന്‍എസ് വിക്രാന്തും. സമുദ്രജലത്തില്‍ സൂര്യരശ്മികള്‍ തിളങ്ങുന്നത് ധീരരായ സൈനികര്‍ കൊളുത്തുന്ന ദീപാവലി വിളക്കുകള്‍ പോലെയാണ്.
ഐഎന്‍എസ് വിക്രാന്ത് അതിന്റെ പേരുകൊണ്ടു മാത്രം ദിവസങ്ങളോളം പാക്കിസ്ഥാന്റെ ഉറക്കംകെടുത്തിയതെങ്ങനെ എന്ന് മാസങ്ങള്‍ക്കു മുമ്പ് നമ്മള്‍ കണ്ടതാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ കര,നാവിക, വ്യോമ സേനകള്‍ ചേര്‍ന്ന് പാക്കിസ്ഥാനെ മുട്ടുമടക്കിച്ചു. ശത്രുക്കളും യുദ്ധഭീഷണികളും മുന്നിലുള്ളപ്പോള്‍ സ്വന്തം ശേഷിയില്‍നിന്ന് പൊരുതാന്‍ കഴിവുള്ളവര്‍ക്കായിരിക്കും മുന്‍തൂക്കം'' മോദി പറഞ്ഞു. എല്ലാ വര്‍ഷവും ദീപാവലി സൈനികര്‍ക്കൊപ്പം ആഘോഷിക്കുന്നതാണ് മോദിയുടെ പതിവ്. കഴിഞ്ഞ വര്‍ഷം ഇന്ത്യപാക് അതിര്‍ത്തിയിലെ സായുധസേനക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ആഘോഷം.
ഇന്നു രാവിലെ സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു. ദീപങ്ങളുടെ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യത്താലും സന്തോഷത്താലും സമൃദ്ധിയാലും പ്രകാശിപ്പിക്കട്ടെയെന്നും സന്തോഷവും സമാധാനവും നമ്മുടെ ചുറ്റും നിലനില്‍ക്കട്ടെയെന്നും മോദി എക്സ് പോസ്റ്റില്‍ പറഞ്ഞു. ഉത്സവവേളയില്‍ സ്വദേശത്തു തന്നെ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S