Enter your Email Address to subscribe to our newsletters
Kochi, 20 ഒക്റ്റോബര്‍ (H.S.)
ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നല്‍കിയാണെന്ന യുഡിഎഫ് എംപി എൻ കെ പ്രേമചന്ദ്രന്റെ ആരോപണത്തിന് ഫേസ്ബുക്കില്‍ മറുപടിയുമായി ബിന്ദു അമ്മിണി.
ബീഫും പൊറോട്ടയും നല്‍കിയാണ് രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ചതെന്ന പ്രേമചന്ദ്രന്റെ പരാമർശത്തിനാണ് ബിന്ദു മറുപടി നല്‍കിയത്. 'ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പർ ആണ്' എന്നായിരുന്നു ഫേസ്ബുക് കുറിപ്പ്.
ശബരിമല സ്വർണക്കൊള്ളയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെ ആയിരുന്നു എം.പിയുടെ പരമാർശം. പൊറോട്ടയും ബീഫും നല്‍കി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ച പിണറായി സർക്കാർ വിശ്വാസത്തെ വികലമാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സർക്കാരുമാണ് പമ്ബയില്‍ കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നും എം.പി കുറ്റപ്പെടുത്തി.
'രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉള്‍പ്പടെയുള്ളവരെ പാലായിലെ റസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി, അതിനുശേഷം ആരും കാണാതെ പൊലീസ് വാനില്‍ കിടത്തിക്കൊണ്ടുവന്ന് പമ്ബയില്‍ എത്തിച്ച് മലകയറാൻ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സർക്കാരുമാണ് പമ്ബയില്‍ കഴിഞ്ഞദിവസം ആഗോള അയ്യപ്പസംഗമത്തിന് നേതൃത്വം കൊടുത്തത്'- എന്നാണ് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR