Enter your Email Address to subscribe to our newsletters
Kochi, 20 ഒക്റ്റോബര്‍ (H.S.)
20 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊച്ചി കോർപ്പറേഷന്റെ ആസ്ഥാന മന്ദിരം നാളെ തുറക്കും. അതിവിശാലമായ ഓഫീസ് മുറികളും കൗൺസിൽ ഹാളുമാണ് പുതിയ മന്ദിരത്തിന്റെ പ്രത്യേകത. 60 കോടിയിലേറെ രൂപ മുടക്കിയാണ് പുതിയ ഓഫീസ് നിർമാണം പൂർത്തീകരിച്ചത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുക.
കൊച്ചി കോർപ്പറേഷന്റെ ഓരോ പുതിയ ഭരണസമിതി വരുമ്പോഴും ഏറെ പഴി കേട്ടിരുന്നത് പുതിയ ആസ്ഥാനമന്ദിരത്തിന്റെ നിർമാണത്തെ ചൊല്ലിയായിരുന്നു. 2005ലാണ് കൊച്ചി നഗരസഭയ്ക്ക് പുതിയ ആസ്ഥാനം വേണമെന്ന ആവശ്യം ഉയരുന്നത്. സ്ഥലം കണ്ടെത്തി 2006ൽ നിർമാണം തുടങ്ങി. വിവാദങ്ങളെ തുടർന്ന് പലതവണ നിർമ്മാണം നിർത്തിവച്ചു. 2022 ഓടെ നിർമാണം ദ്രുതഗതിയിലായി. നിലവിലെ ഭരണസമിതി സ്ഥാനമൊഴിയുന്നതിനു മുൻപ് പുതിയ ഓഫീസിലേക്ക് എത്തണം എന്ന ആഗ്രഹത്തിലായിരുന്നു നിർമാണം.
മേയറിനും ഡെപ്യൂട്ടി മേയറിനും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾക്കും പ്രത്യേകം മുറി. 84 കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ഇരിക്കാവുന്ന കൗൺസിൽ ഹാൾ. പ്രശസ്ത വ്യക്തികളുടെ ചിത്രം കൊത്തിവെച്ച നഗരസഭയുടെ മാപ്പ്, ഭിന്നശേഷി സൗഹൃദമായ പരിസരം, ആരോഗ്യം, എഞ്ചിനീയറിങ് വിഭാഗങ്ങൾക്ക് പ്രത്യേകം ഫ്ലോറുകൾ തുടങ്ങിയവയാണ് സൗകര്യം. കൊച്ചി മറൈൻഡ്രൈവ് ഡിസൈൻ ചെയ്ത കുൽദീപ് സിങ് ആണ് പുതിയ ആസ്ഥാന മന്ദിരവും ഡിസൈൻ ചെയ്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR