Enter your Email Address to subscribe to our newsletters
Kollam, 20 ഒക്റ്റോബര്‍ (H.S.)
പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്.
ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തേവലക്കര പാലയ്ക്കല്‍ വടക്ക് കോട്ടപ്പുറത്ത് വീട്ടില്‍ നൗഫലിന്റെ ഭാര്യ ജെ. ജാരിയത്ത് (22) ആണ് മരിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സീസേറിയനു ശേഷം ഗുരുതരാവസ്ഥയിലായ ജാരിയത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും, ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങുകയും ചെയ്തു .
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജാരിയത്തിന് വ്യാഴാഴ്ച രാത്രിയാണ് അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തത്. എന്നാല്‍, പിന്നാലെ ആരോഗ്യനില വഷളായതിനെത്തുടർന്ന് യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനസ്തീസിയ നല്‍കിയതിലുണ്ടായ പിഴവാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. കൂടാതെ, മൂന്ന് വർഷം മുൻപ് സാധാരണ പ്രസവത്തിലൂടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ജാരിയത്തിന് ഇത്തവണ സാധാരണ പ്രസവം നടത്താതെ ശസ്ത്രക്രിയ നടത്തിയത് എന്തിനാണെന്നും ബന്ധുക്കള്‍ ചോദ്യം ചെയ്യുന്നു.
സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്: ഒക്ടോബർ 14-നാണ് പ്രസവവുമായി ബന്ധപ്പെട്ട് ജാരിയത്തിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17-ന് സീസേറിയൻ നടന്നു. ഇതിനുവേണ്ടി അനസ്തീസിയ ഡോക്ടർക്ക് 2500 രൂപയും ഗൈനക്കോളജി ഡോക്ടർക്ക് 3000 രൂപയും നല്‍കേണ്ടിവന്നു. യുവതിയുടെ നില അതീവ ഗുരുതരമായപ്പോള്‍ ഐസിയു സൗകര്യമുള്ള ആംബുലൻസില്‍ അയയ്ക്കാതെ ഡോക്ടറുടെ സേവനം പോലും ഇല്ലാത്ത സാധാരണ 108 ആംബുലൻസിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ജാരിയത്തിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഹൃദയത്തിലേക്കുള്ള പമ്ബിങ്ങും രക്തസമ്മർദവും ഹൃദയമിടിപ്പും കുറവായിരുന്നെന്നും തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നതെന്നും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അതേസമയം, ജാരിയത്തിന് സാധ്യമായ എല്ലാ സേവനങ്ങളും പിഴവു കൂടാതെയാണ് നല്‍കിയിട്ടുള്ളതെന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതർ പ്രതികരിച്ചു. നിലവില്‍ കുഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പന്മന പറമ്ബിമുക്ക് വഴുതന തറ തെക്കേതില്‍ (പള്ളിവേലില്‍) ജമാലുദ്ദീൻ - റസിയ ബീവി ദമ്ബതികളുടെ മകളാണ് ജാരിയത്ത്. മകള്‍: സൈറ മറിയം. തെക്കുംഭാഗം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR