Enter your Email Address to subscribe to our newsletters
Thiruvananthapuram, 20 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കൊരുങ്ങുന്ന ഇടതു സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം. 'പിഎം ശ്രീയിലെ കാണാച്ചരടുകൾ' എന്ന തലക്കെട്ടിൽ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ എഴുതിയ ലേഖനമാണ് ജനയുഗത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതിരോധം തീർക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘ്‌പരിവാർ ബുദ്ധിയുടെ ഉൽപ്പന്നമാണ് 'പിഎം ശ്രീ'. പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യമായി ആമുഖത്തിൽ തന്നെ വ്യക്തമാക്കുന്നത് ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നാണ്. കേന്ദ്രത്തിന് വേണ്ടി ആർഎസ്എസ് ഒരുക്കിയ കെണിയിൽ പോകേണ്ടെന്ന് ആയിരുന്നു ഇടതു സർക്കാരിൻ്റെ മുൻ തീരുമാനം. ഇപ്പോൾ ഒപ്പുവയ്ക്കാൻ തീരുമാനിച്ചാൽ പൊതുവിദ്യാഭ്യാസത്തിൽ രണ്ടുതരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഈ നയവ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. അർഹമായ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യണം. അല്ലാതെ ആർഎസ്എസ് തിട്ടൂരത്തിന് വഴങ്ങി നിലപാടും നയവും ബലികഴിക്കുകയല്ല വേണ്ടതെന്നും ലേഖനത്തിൽ വിമർശിക്കുന്നു.
കിഫ്ബി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, എംഎല്‍എ ഫണ്ട്, എംപി ഫണ്ട്, പ്രാദേശിക ഭരണകൂടങ്ങളുടെ പദ്ധതികൾ, മറ്റ് അഭ്യുദയകാംക്ഷികളുടെ സഹായങ്ങൾ എന്നിവയിലൂടെ കോടികൾ ചെലവഴിച്ച് ലോകോത്തര നിലവാരത്തിലെത്തിയ നമ്മുടെ നാട്ടിൻപുറത്തെ വിദ്യാലയങ്ങൾ 60:40 വ്യവസ്ഥയിൽ അടിയറവ് വയ്ക്കേണ്ടതുണ്ടോ എന്നും ലേഖനത്തിൽ ചോദിച്ചു.
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ2020ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പ്രചരണത്തിനും നടത്തിപ്പിനുമായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പദ്ധതിയാണ് പിഎം ശ്രീ. ഇന്ത്യയിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ നയങ്ങളിൽ നിന്നും വ്യത്യസ്തമായി ഭരണഘടനാമൂല്യങ്ങളെ മാനിക്കാത്ത, മതനിരപേക്ഷതയും അക്കാദമിക സങ്കൽപ്പങ്ങളും നിരാകരിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന എതിർപ്പ് തുടക്കത്തിൽ തന്നെ ഉയർന്നിരുന്നു. ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ എൻഇപിയിലെ നയങ്ങൾ അതേപടി നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചു.
വർഗീയ അജണ്ടകൾ കുട്ടികളിൽ കുത്തിവയ്ക്കുന്ന നയം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇടതു മുന്നണി സർക്കാരും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ പ്രഖ്യാപിച്ചത് മതേതര കേരളത്തിന് അഭിമാനം പകർന്ന ഒന്നായിരുന്നു. ഇങ്ങനെ പ്രതിരോധം തീർക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള സംഘ്‌പരിവാർ ബുദ്ധിയുടെ ഉൽപ്പന്നമാണ് 'പിഎം ശ്രീ' എന്നത് വസ്തുതകൾ പരിശോധിച്ചാൽ മനസിലാകും. പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യമായി ആമുഖത്തിൽ തന്നെ വ്യക്തമാക്കുന്നത് ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നാണ്
പിഎം ശ്രീ ഒപ്പുവച്ചാൽ, നടപ്പാക്കുന്ന വിദ്യാലയം എൻഇപി (ദേശീയ വിദ്യാഭ്യാസ നയം) അനുസരിച്ച് പാഠ്യപദ്ധതിയും കേന്ദ്ര പുസ്തകങ്ങളും പഠിപ്പിക്കണം. അതിന്റെ മേൽനോട്ടവും നിയന്ത്രണവും കേന്ദ്ര ഏജൻസിക്കാകും എന്ന് പദ്ധതി നടത്തിപ്പിന്റെ ‘ആറ് തൂണുകൾ’എന്ന തലക്കെട്ടിൽ പദ്ധതിരേഖയിൽ എണ്ണമിട്ട് നിരത്തുന്നു. കരിക്കുലം, പാഠ്യപദ്ധതി, മനുഷ്യശേഷി വിനിയോഗം, സ്കൂൾ നേതൃത്വം, നിയന്ത്രണം, മേൽനോട്ടം തുടങ്ങിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ഒന്ന് മുതൽ എട്ട് വരെ അധ്യായങ്ങളിൽ പ്രതിപാദിക്കും വിധമായിരിക്കുമെന്നും അടിവരയിടുന്നു. ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് പരിഷ്കരിച്ച എൻസിഇആർടി പാഠ പുസ്തകങ്ങളിലെ വർഗീയ അജണ്ടകൾ നാം സമീപകാലത്ത് കണ്ടതാണ്. ചുരുക്കത്തിൽ ഇതിൽ ഒപ്പുവയ്ക്കാൻ തീരുമാനിച്ചാൽ കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിൽ രണ്ട് തരം വിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടും. പിഎം ശ്രീ സ്കൂളുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിന് നഷ്ടമാകും.
അങ്ങനെ വന്നാൽ ഈ നയ വ്യതിയാനം ഇടതുപക്ഷത്തെ സംബന്ധിച്ചെടുത്തോളം ആത്മഹത്യാപരമാണെന്ന് പറയേണ്ടതില്ലല്ലോ. ഇനി കേരളത്തിന് ഈ പദ്ധതി ആവശ്യമുണ്ടോ, സാമ്പത്തികനേട്ടം കൊണ്ടുവരുമോ എന്നതാണ്. കിഫ്ബി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, എംഎല്‍എ ഫണ്ട്, എംപി ഫണ്ട്, പ്രാദേശിക ഭരണകൂടങ്ങളുടെ പദ്ധതികൾ, മറ്റ് അഭ്യുദയകാംക്ഷികളുടെ സഹായങ്ങൾ എന്നിവയിലൂടെ കോടികൾ ചെലവഴിച്ച് ലോകോത്തര നിലവാരത്തിലെത്തിയ നമ്മുടെ നാട്ടിൻപുറത്തെ വിദ്യാലയങ്ങൾ 60:40 വ്യവസ്ഥയിൽ അടിയറവ് വയ്ക്കേണ്ടതുണ്ടോ?
കേരളത്തിന് അർഹമായ വിദ്യാഭ്യാസ വിഹിതം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുകയും നേടിയെടുക്കുകയുമാണ് ഈ ഘട്ടത്തിൽ വേണ്ടത്. അല്ലാതെ ആർഎസ്എസിന്റെ തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാടും നയവും ബലികഴിക്കുകയല്ല ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR