Enter your Email Address to subscribe to our newsletters
New Delhi, 20 ഒക്റ്റോബര്‍ (H.S.)
കോടതി ഉത്തരവുകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് കെട്ടിക്കിടക്കുന്നത് ഒമ്പത് ലക്ഷത്തോളം അപേക്ഷകള്‍. സിവിൽ വ്യവഹാരങ്ങളിൽ കോടതി ഉത്തരവുകൾ നടപ്പാക്കാൻ ആവശ്യപ്പെടുന്ന 'എക്സിക്യൂഷൻ പെറ്റീഷനുകളാണ് രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത്. എക്സിക്യൂഷൻ പെറ്റീഷനുകള്‍ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും, ഇത്തരമൊരു സ്ഥിതി തുടരുന്നത് നിരാശാജനകമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം മാര്‍ച്ച് ആറിനാണ്, എക്സിക്യൂഷൻ പെറ്റീഷനുകൾ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സിവില്‍ കോടതികളോട് നിര്‍ദേശിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിന്റെ തല്‍സ്ഥിതി പരിശോധിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, പങ്കജ് മിത്തല്‍ എന്നിവരുടെ ബെഞ്ച് കടുത്ത നിരാശ പ്രകടിപ്പിച്ചത്. ഹൈക്കോടതികളില്‍നിന്ന് ലഭിച്ച കണക്കുകള്‍ കടുത്ത നിരാശയും, ആശങ്കയും നല്‍കുന്നതാണെന്ന് ബെഞ്ച് പറഞ്ഞു. രാജ്യത്തെ വിവിധ കോടതികളിലായി 8,82,578 എക്സിക്യൂഷൻ പെറ്റീഷനുകളാണ് കെട്ടികിടക്കുന്നത്. ബോംബെ ഹൈക്കോടതിയിലാണ് ഏറ്റവും കൂടുതല്‍ എക്സിക്യൂഷൻ പെറ്റീഷന്‍ ഉള്ളത്, 3.14 ലക്ഷം. മദ്രാസ് 86,148, കേരളം 82,997, ആന്ധ്രപ്രദേശ് 68,137 എന്നീ ഹൈക്കോടതികളാണ് പട്ടികയില്‍ മുന്നില്‍.
പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്ന് ആറ് മാസത്തിനിടെ 3,38,685 അപേക്ഷകള്‍ തീര്‍പ്പാക്കിയെങ്കിലും, വളരെയെധികം അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഉത്തരവുകള്‍ പാസാക്കിയിട്ടും, അത് നടപ്പാക്കാന്‍ വര്‍ഷങ്ങള്‍ പിന്നെയും എടുക്കുന്നുണ്ടെങ്കില്‍, അത് അര്‍ഥശൂന്യമാണ്, നീതി പരിഹസിക്കപ്പെടുകയാണെന്നും ബെഞ്ച് പറഞ്ഞു. എക്സിക്യൂഷൻ പെറ്റീഷനുകൾ എത്രയും വേഗം തീര്‍പ്പാക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച ബെഞ്ച്, അതിനായി സിവില്‍ കോടതികളുമായി ചേര്‍ന്ന് ഫലപ്രദമായ തുടര്‍നടപടികള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതികളോട് ആവശ്യപ്പെട്ടു. 2026 ഏപ്രില്‍ 10നാണ് അടുത്ത അവലോകനം.
വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടക ഹൈക്കോടതി നടപടിയില്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനും, കെട്ടിക്കിടക്കുന്നതും തീര്‍പ്പാക്കാത്തതുമായ കേസുകള്‍ സംബന്ധിച്ച പുതുക്കിയ കണക്കുകള്‍ നല്‍കാനും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് നിര്‍ദേശം നല്‍കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR