Enter your Email Address to subscribe to our newsletters
Thrissur, 20 ഒക്റ്റോബര്‍ (H.S.)
കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി റോഡ് ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം തകർത്തനിലയില്‍.തൃശൂർ പെരുവല്ലൂരിലാണ് റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്ത് പുഷ്പചക്രം വച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രകടനം നടത്തി. കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുല്ലശ്ശേരി കമ്മിറ്റി പാവറട്ടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
സുരേഷ് ഗോപി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്‌ത റോഡിലെ ശിലാഫലകമാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. ശനിയാഴ്‌ചയാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഞായറാഴ്‌ചയാണ് ഇത് തകർന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഫലകം തകർത്ത് അതിനുമുകളില്‍ ഒരു പുഷ്‌പചക്രം വച്ച നിലയിലായിരുന്നു.
ശനിയാഴ്‌ച ഉദ്‌ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി തൊട്ടടുത്തുള്ള യുപി സ്‌കൂള്‍ സന്ദർശിക്കാത്തത് വാർത്തയായിരുന്നു. മുല്ലശ്ശേരിയിലെ പെരുവല്ലൂർ ഗവ.യുപി സ്‌കൂളിലാണ് ഒരു മണിക്കൂറോളം കേന്ദ്രസഹമന്ത്രിയ്ക്കായി കാത്തിരുന്ന് കുട്ടികളടക്കം നിരാശരായത്. ശനിയാഴ്ച രാവിലെ മുല്ലശ്ശേരിയിലെ പെരുവല്ലൂർ ഗവ.യുപി സ്‌കൂളില്‍ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും കാണാൻ കൂട്ടാക്കാതെ മന്ത്രി പോയി. മന്ത്രി സഞ്ചരിച്ച വാഹനം സ്‌കൂള്‍ ഗേറ്റ് കടന്ന് ഉള്ളിലെത്തിയെങ്കിലും അദ്ദേഹം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയില്ല. പിന്നീട് വാഹനം പുറകോട്ടേടുത്ത് പെരുവല്ലൂരിലെ റോഡ് ഉദ്ഘാടന വേദിയിലേക്ക് പോവുകയായിരുന്നു.
എന്നാല്‍ കേന്ദ്രമന്ത്രിയുടെ പ്രോഗ്രാം പട്ടികയില്‍ സ്‌കൂള്‍ സന്ദർശനം ഇല്ലെന്നും സുരക്ഷാക്രമീകരണ ഭാഗമായാണ് അദ്ദേഹം തിരിച്ചുപോയത് എന്നുമാണ് സുരേഷ് ഗോപിയുടെ സുരക്ഷാഉദ്യോഗസ്ഥർ അറിയിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR