Enter your Email Address to subscribe to our newsletters
Mumbai, 20 ഒക്റ്റോബര്‍ (H.S.)
ബോളിവുഡ് നടനും സംവിധായകനുമായ ഗോവര്‍ധന്‍ അസ്രാണി അന്തരിച്ചു. 84 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു അന്ത്യം. നിരവധി സിനിമകളില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായി. ഷോലെ ഉള്‍പ്പെടെ 350ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ദീപാവലി ആശംസ നേര്‍ന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു അന്ത്യം. നാല് ദിവസം മുമ്പാണ് അദ്ദേഹത്തെ ജുഹുവിലെ ഭാരതീയ ആരോഗ്യ നിധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 350 ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യനടനും സഹനടനുമെന്ന നിലയിലായിരുന്നു മിക്കവേഷങ്ങളിലും അദ്ദേഹം എത്തിയത്. 'മേരെ അപ്നെ', 'കോഷിഷ്', 'ബാവര്‍ച്ചി', 'പരിചയ്', 'അഭിമാന്‍', 'ചുപ്കെ ചുപ്കെ', 'ഛോട്ടി സി ബാത്ത്', 'റഫൂ ചക്കര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിക്കുന്നത്.
അഭിനയത്തിനപ്പുറം ചലച്ചിത്ര നിര്‍മ്മാണത്തിന്റെ മറ്റ് മേഖലകളിലും അദ്ദേഹം മുദ്ര പതിപ്പിച്ചിരുന്നു. 1977-ല്‍ അദ്ദേഹം എഴുതി സംവിധാനം ചെയ്ത 'ചല മുരാരി ഹീറോ ബന്നെ' എന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. 'സലാം മേംസാബ്' (1979) പോലുള്ള നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം സംവിധാനത്തിലും ശ്രദ്ധേയനായി. ഗുജറാത്തി സിനിമയിലും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 'ധമാല്‍' ഫ്രാഞ്ചൈസി പോലുള്ള സമീപകാല ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S