Enter your Email Address to subscribe to our newsletters
Bihar, 20 ഒക്റ്റോബര്‍ (H.S.)
ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആദ്യഘട്ട വോട്ടെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. ആയിരത്തി അറുനൂറിലധികം പത്രികളാണ് ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ചത്. മഹാസഖ്യത്തിലെ കക്ഷികള്‍ നേര്‍ക്ക് നേര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പത്രിക പിന്‍വലിക്കാന്‍ കക്ഷികള്‍ തയ്യാറാകുമോ എന്നതിലാണ് ആകാക്ഷ. ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ ഒന്‍പത് മണ്ഡലങ്ങളിലെങ്കിലും നേര്‍ക്ക് നേര്‍ മത്സരമാണ്.
രണ്ടുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 121 മണ്ഡലങ്ങളിലാണ് നവംബര്‍ 6ന് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കിയ ഭരണപക്ഷമായ എന്‍ഡിഎ സഖ്യം തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയപ്പോള്‍ പ്രതിപക്ഷ ഇന്ത്യ സഖ്യത്തില്‍ ഇനിയും അന്തിമ ധാരണയായിട്ടില്ല. ഇന്ത്യ സഖ്യത്തിലെ സീറ്റ് പങ്കുവയ്ക്കല്‍ സംബന്ധിച്ച് പല കക്ഷികള്‍ക്കിടയിലും അതൃപ്തിയുണ്ട്. അതിനിടെ, സഖ്യത്തിനൊപ്പമുണ്ടാകുമെന്നു നേരത്തെ പറഞ്ഞ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു പ്രഖ്യാപിച്ചു. ജയസാധ്യതയുള്ള 6 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് പ്രഖ്യാപനം. ജെഎംഎം ആവശ്യപ്പെട്ട 12 സീറ്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തനിച്ചു മത്സരിക്കാനുള്ള തീരുമാനമെന്നാണു വിവരം.
തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാന നേതാക്കള്‍ ഉടന്‍ ബീഹാറിലേക്ക് എത്തും. റാലികളും യോഗങ്ങളുമായി പ്രചരണം കൊഴുപ്പിക്കാനാണ് നേതാക്കള്‍ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബിജെപിയുടെ സ്റ്റാര്‍. 24ആം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ റാലിക്കായി ബിഹാറിലെത്തും. 26ന് ശേഷമായിരിക്കും രാഹുല്‍ ഗാന്ധിയുടെ റാലി.
---------------
Hindusthan Samachar / Sreejith S