Enter your Email Address to subscribe to our newsletters
Kollam, 20 ഒക്റ്റോബര്‍ (H.S.)
കൊല്ലം: പ്രവർത്തകരുടെയും നേതാക്കളുടെയും തുടർച്ചയായ രാജിയിൽ ഞെട്ടി സി പി ഐ കൊല്ലം ജില്ലാ നേതൃത്വം.രാജി വെച്ചവരെ തിരിച്ച് കൊണ്ടുവരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. പിന്നാലെ അടിയന്തര ഇടപെടലിന് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.
സംസ്ഥാനത്ത് തന്നെ സി പി ഐ യുടെ കരുത്തുറ്റ കോട്ടകളിൽ ഒന്നാണ് കൊല്ലം. പക്ഷേ കഴിഞ്ഞ ഒരു വർഷമായി വിഭാഗീയ പ്രവർത്തനങ്ങൾ ശക്തമാവുകയാണ് . താഴെ തട്ടു മുതൽ നിഴലിക്കുന്ന ജില്ലയിലെ വിഭാഗീയത മുകൾ തട്ടുവരെ നില നിൽക്കുന്നു. പാർട്ടി സമ്മേളന കാലയളവിലാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം. കുണ്ടറയിലും, കടയ്ക്കലും ജില്ലാ സെക്രട്ടറി പി എസ് സുപാൽ സ്വന്തം നോമിനികളെ കൊണ്ടുവന്ന് സമ്മേളനം പിടിച്ചെടുത്തതിനെ തുടന്നാണ് സാഹചര്യം വഷളാകുന്നത്.
ഇതിന് പിന്നാലെ സി പി ഐ യ്ക്ക് ശക്തമായ വേരോട്ടം ഉള്ള കുണ്ടറയിലെ പ്രതിനിധികളിൽ ഭൂരിപക്ഷവും ജില്ലാ സമ്മേളനം ബഹിഷ്ക്കരിച്ചു. കടയ്ക്കലിലെ പ്രവർത്തകർ ജില്ലാ സമ്മേളന ഹാളിൽ നിന്ന് ഇറങ്ങി പോയി പ്രതിഷേധിച്ചു. പിന്നാലെ ജില്ലാ സെക്രട്ടറിയ്ക്ക് എതിരെ എതിർ ചേരിയിലുള്ളവർ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. പക്ഷേ ഫലം ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്.
കഴിഞ്ഞയാഴ്ച കുണ്ടറയിൽ നിന്ന് 120 പേർ രാജി വെച്ചതിന് പിന്നാലെയാണ് കടയ്ക്കലിൽ നിന്ന് 700 ലധികം പ്രവർത്തകർ രാജിവെച്ചത്. പാർട്ടിക്ക് സ്വാധീനമുള്ള ജില്ലയിലെ കിഴക്കൻ മേഖലയിലാണ് മുതിർന്ന നേതാവ് ജെ.സി. അനിലിന്റെ നേതൃത്വത്തിൽ കൂട്ടരാജി. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമണ്ഡലം നിയോജക മണ്ഡലത്തിലാണ് അപ്രതീക്ഷിത സംഭവം. പ്രവർത്തകരുടെ കൂട്ടരാജിയിൽ നേതൃത്വവും രണ്ട് തട്ടിലാണ്.പ്രശ്ന പരിഹാരം വേണമെന്നും രാജിവെച്ചവരെ പാർട്ടിയിൽ തിരിച്ച് എത്തിക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ അതു വേണ്ടയെന്നാണ് മറു വിഭാഗത്തിന്റെ മറുപടി. പ്രവർത്തകരുടെ കൂട്ട രാജിക്കിടെ ഇന്ന് സി പി ഐ ജില്ലാ കമിറ്റി യോഗം ചേരും. വിഷയത്തിൽ ഇടപെടാൻ സംസ്ഥാന നേതൃത്വം നീക്കം ആരംഭിച്ചു.
കൊല്ലം കടയക്കലിൽ കഴിഞ്ഞ ദിവസമാണ് സിപിഐ അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചത് . വിവിധ പദവികൾ വഹിച്ചിരുന്ന 112 പേർ പാർട്ടി വിട്ടു. മന്ത്രി ജെ ചിഞ്ചു റാണിയുടെ ചടയമണ്ഡലം മണ്ഡലത്തിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. പത്ത് മണ്ഡല്‍ കമ്മിറ്റി അംഗങ്ങളും 45 ലോക്കൽ കമ്മിറ്റി അംഗങ്ങളും 48 ബ്രാഞ്ച് സെക്രട്ടറിമാരും ഒമ്പത് ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങളും രാജിവച്ചു.
ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ച് പത്രസമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപിച്ചത്. 700-ലധികം പാർട്ടി അംഗങ്ങൾ രാജിവച്ചതായി നേതാക്കൾ പറഞ്ഞു. പാർട്ടിയിലെ ഉൾപ്രശ്‌നങ്ങൾ മൂലമാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. അതേസമയം, രാജിവച്ച അംഗങ്ങളിൽ അഴിമതി നടത്തിയതും സംഘടനാ നടപടി നേരിട്ടതുമായ ഒരാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. പ്രവർത്തകർ പാർട്ടി വിട്ടുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് നേതൃത്വം വിശദീകരിക്കുന്നു.
---------------
Hindusthan Samachar / Roshith K