Enter your Email Address to subscribe to our newsletters
pathanamthitta, 20 ഒക്റ്റോബര്‍ (H.S.)
പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി കവർച്ച കേസിൽ സ്വർണ്ണം മറിച്ചുവിറ്റുവെന്ന ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്.സ്വർണ്ണ കവർച്ചാ ഗൂഢാലോചനയിൽ പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെയും തട്ടിപ്പ് സംഘത്തിലെയും 15 ഓളം പേരുടെ വിവരങ്ങൾ പോറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നോ നാളെയോ ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലേക്ക് തെളിവെടുപ്പിനായി കൊണ്ട്പോകും. സസ്പെൻഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെയും ഉടൻ ചോദ്യം ചെയ്യും.
ശബരിമല ശ്രീകോവിലിലെ പുതിയ വാതിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രം ട്രസ്റ്റ് സ്ഥിരീകരിച്ചിരുന്നു. ഇടപാട് നടത്തിയത് പോറ്റി നേരിട്ടാണെന്നും ക്ഷേത്രത്തിന് ബന്ധമില്ലെന്നും ട്രസ്റ്റ് സെക്രട്ടറി എൻ എസ് വിശ്വംബരൻ വ്യക്തമാക്കി.
സ്വർണപാളിയിലെ സ്വർണം കൈക്കലാക്കിയത് മാത്രമല്ല, ശബരിമല ശ്രീകോവിലിന്റെ വാതിൽ പ്രദർശിപ്പിച്ചും ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് വൻ തട്ടിപ്പാണ്. ചൈന്നെക്ക് പുറമെ ബംഗളൂരുവിലും പണപ്പിരിവ് നടത്തി. സ്വർണം പൂശിയ ശേഷം വാതിൽ ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ച് പണപ്പിരിവ് നടത്തിയെന്നാണ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. വ്യവസായികൾ ഉൾപ്പടെ നിരവധി പേരിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും പണം വാങ്ങി. അറസ്റ്റിന് മുമ്പ് ഉണ്ണികൃഷ്ണപോറ്റി ക്ഷേത്രത്തിൽ എത്തിയിരുന്നുവെന്നും ട്രസ്റ്റ് സെക്രട്ടറി എൻ എസ് വിശ്വംബരൻ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിൽ ശബരിമലയിലെ സ്വർണപാളികളുമായി ബന്ധപ്പെട്ട രേഖകളും പകർപ്പുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണം ആഭരങ്ങളുടെ രൂപത്തിലാണെങ്കിലും ഇതിനൊന്നും കണക്കുകളില്ല എന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ കവർച്ച ചെയ്ത സ്വർണമാണ് ഇതെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്നാൽ ഈത് തങ്ങൾ ഉപയോഗിക്കകുന്ന സ്വർണ്ണാഭരണങ്ങൾ ആണെന്നാണ് കുടുംബം പറഞ്ഞത് എന്നാണ് അന്വേഷണ സംഘം പറഞ്ഞത്.
ഇത് കൂടാതെ പിടിച്ചെടുത്തതിൽ കോടികളുടെ ഭൂമി ഇടപാടിന്റെ രേഖകളുമുണ്ട് എന്നാണ് റിപ്പോർട്ട്. സ്വർണ്ണ കൈമാറ്റത്തി റെ പ്രതിഫലമായിരിക്കാം ഈ ഭൂമിയിടപാടുകൾ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്ന് പോറ്റിയെ ബെംഗളൂരു ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ചു ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ നിയമവിരുദ്ധമായി പലിശയ്ക്ക് പണം കൊടുക്കുന്ന ഏര്‍പ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്നും ഇതോട് അനുബന്ധിച്ച് കൈക്കലാക്കിയ നിരവധി ആധാരങ്ങളും അന്വേഷണ സംഘം പിടിച്ചെടുക്കുകയുമുണ്ടായി.
---------------
Hindusthan Samachar / Roshith K