ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം; കുടിശിക തീര്‍ക്കാൻ 10 ദിവസത്തെ സമയം അനുവദിച്ച്‌ വിതരണക്കാര്‍
Thiruvananthapuram, 21 ഒക്റ്റോബര്‍ (H.S.) കേരളത്തിലെ സർക്കാർ മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം. ഉപകരണങ്ങളുടെ കുടിശിക അടക്കാൻ സർക്കാരിന് സമയം അനുവദിച്ച്‌ വിതരണക്കാര്‍. പത്ത് ദിവസമാണ് സമയം അനുവദിച്ചിട
Cardiac Surgery Equipment Crisis


Thiruvananthapuram, 21 ഒക്റ്റോബര്‍ (H.S.)

കേരളത്തിലെ സർക്കാർ മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം.

ഉപകരണങ്ങളുടെ കുടിശിക അടക്കാൻ സർക്കാരിന് സമയം അനുവദിച്ച്‌ വിതരണക്കാര്‍. പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതോടെ താല്‍ക്കാലിക ആശ്വാസം ആയിരിക്കുകയാണ്. അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ കുടിശിക അടച്ച്‌ തീർത്തില്ലെങ്കില്‍ ഉപകരണങ്ങള്‍ മുഴുവൻ തിരിച്ചെടുക്കും. ഉപകരണങ്ങള്‍ തിരിച്ചെടുക്കരുതെന്ന ആശുപത്രി അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് വിതരണക്കാർ സർക്കാരിന് സാവകാശം നല്‍കിയിട്ടുള്ളത്. അതേസമയം വിഷയത്തില്‍ ഇന്ന് വൈകിട്ട് വിതരണക്കാരുടെ അടിയന്തര യോഗം നടക്കും. സംസ്ഥാനത്തെ നാല് പ്രധാന സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയ ഉപകരണ വിതരണ കുടിശ്ശികയാണ് ഇനിയും സർക്കാർ അടച്ച്‌ തീരാനായുള്ളത്. കുടിശിക അടയ്ക്കാനായി കരാറുകാർ അനുവദിച്ച സമയം കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ വിതരണക്കാർ തീരുമാനിച്ചത്.

കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്റ്റെന്റ് ഉള്‍പ്പെടെയുള്ള മുഴുവൻ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ സ്റ്റോക്കും തിരികെ എടുക്കുമെന്നായിരുന്നു ആദ്യം വിതരണക്കാർ അറിയിച്ചത്. എന്നാല്‍ പിന്നീട് പത്ത് ദിവസത്തെ സാവകാശം അനുവദിക്കുകയായിരുന്നു. 159 കോടി രൂപയായിരുന്നു കുടിശ്ശിക. ഇതില്‍ 30 കോടി രൂപയ്ക്ക് അടുത്ത് മാത്രമാണ് സർക്കാർ നല്‍കിയത്. 100 കോടി രൂപയുടെ കൂടിശ്ശിക തീർത്ത്, പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. സെപ്റ്റംബർ മുതല്‍ പുതിയ സ്റ്റോക്ക് വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ നാല് ആശുപത്രികളിലെയും ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലാണ്. മാർച്ച്‌ വരെയുള്ള കുടിശ്ശിക തീർക്കണം എന്നാണ് കരാറുകാരുടെ ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News